Skip to content

ഐസിസി വുമൺസ് ലോകകപ്പ്, ഫൈനൽ പോരാട്ടം ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ

ഐസിസി വുമൺസ് ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. രണ്ടാം സെമിഫൈനലിൽ സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചത്. ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിൻ്റെ എതിരാളി.

( Picture Source : Twitter )

സെമിയിൽ 137 റൺസിൻ്റെ വമ്പൻ വിജയം നേടിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 294 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൗത്താഫ്രിക്കയ്ക്ക് 38 ഓവറിൽ 156 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

എട്ടോവറിൽ 36 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണാണ് സൗത്താഫ്രിക്കയെ തകർത്തത്. അന്യ ഷ്രുബ്സോൾ 2 വിക്കറ്റും കേറ്റ് ക്രോസ്, ഷാർലറ്റ് ഡീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 125 പന്തിൽ 129 റൺസ് നേടിയ ഡാനിയേൽ വൈറ്റാണ് മികച്ച സ്കോറിൽ എത്തിച്ചത്. സോഫിയ ഡങ്കിലെ 72 പന്തിൽ 60 റൺസ് നേടി. ഡാനിയൽ വൈറ്റാണ് പ്ലേയർ ഓഫ് ദി മാച്ച്.

ഏപ്രിൽ മൂന്നിനാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. സെമിയിൽ വെസ്റ്റിൻഡീസിനെ 157 റൺസിന് തകർത്താണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഓസ്ട്രേലിയയുടെ ഏഴാം ലോകകപ്പ് ഫൈനലാണിത്.

( Picture Source : Twitter )