CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ഐപിഎൽ ചരിത്രത്തിൽ ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളർ ; അപൂർവ നേട്ടത്തിൽ സിറാജിന് പിന്നാലെ ഹർഷൽ പട്ടേലും

ഐപിഎൽ പതിനഞ്ചാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ കൊൽക്കത്തയെ ബൗളിങ്ങിൽ കറക്കി വീഴ്ത്തിയിരിക്കുകയാണ്. 18.5 ഓവറിൽ 128 റൺസിൽ ഓൾ ഔട്ട് ആക്കുകയായിരുന്നു. ഹസരങ്ക (4 ഓവർ – 20 റൺസ് – 4 വിക്കറ്റ്) , ആകാശ് ദീപ് (3.5 ഓവർ – 45 റൺസ് – 3 വിക്കറ്റ്), ഹർഷൽ പട്ടേൽ (4 ഓവർ – 11 റൺസ് – 2 വിക്കറ്റ്) എന്നിവരുടെ ബൗളിങ് പ്രകടനമാണ് കൊൽക്കത്തയെ ചെറിയ സ്കോറിൽ പിടിക്കാൻ സഹായിച്ചത്.

കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രഹാനെയും വെങ്കടേഷ് അയ്യറുമാണ് എത്തിയത്. നാലാം ഓവറിലെ ആദ്യ പന്തിൽ തന്നെ അയ്യറെ (14 പന്തിൽ 10) വീഴ്ത്തി ആകാശ് ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നാലെ തൊട്ടടുത്ത ഓവറിലെ അവസാന പന്തിൽ രഹാനെയെയും (10 പന്തിൽ 9) പുറത്താക്കി സിറാജ് കൊൽക്കത്തയെ സമ്മർദ്ദത്തിലാക്കി. ശേഷം ക്രീസിൽ എത്തിയ ക്യാപ്റ്റൻ ശ്രയസ് അയ്യർ രണ്ട് ബൗണ്ടറികൾ നേടി റൺസ് ഉയർത്താൻ ശ്രമിച്ചുവെങ്കിലും 13 റൺസിൽ നിൽക്കേ ഹസരങ്കയുടെ പന്തിൽ ഡ്യൂപ്ലെസിസിന് ക്യാച്ച് നൽകി പുറത്തായി.

അഞ്ചാമനായി എത്തിയ നരൈൻ ആകാശ് ദീപിന്റെ പന്തിൽ തുടർച്ചയായി ബൗണ്ടറി നേടി സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചുവെങ്കിലും അധിക നേരം അത് നീണ്ടു നിന്നില്ല. തൊട്ടടുത്ത ഓവറിൽ ഹസരങ്കയ്ക്ക് മുന്നിൽ കീഴടങ്ങി. 8 പന്തിൽ 12 റൺസ് നേടിയിരുന്നു. 18 പന്തിൽ 25 റൺസ് നേടിയ റസ്സലാണ് കൊൽക്കത്തയുടെ ടോപ്പ് സ്‌കോറർ.

മത്സരത്തിൽ തകർപ്പൻ ബൗളിങ്ങിലൂടെ ഹർഷൽ പട്ടേൽ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎൽ ചരിത്രത്തിൽ 2 മൈഡൻ ഓവർ എറിയുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യ 2 ഓവറിലും ഹർഷൽ പട്ടേൽ ഒരു റൺസും വിട്ടു നൽകിയിരുന്നില്ല, ഒപ്പം 2 വിക്കറ്റും വീഴ്ത്തിയിരുന്നു.  ഇതിൽ 5 ഡോട്ട് ബോളുകൾ ക്രീസിൽ നിലയുറപ്പിച്ച് വെടിക്കെട്ട് നടത്തുകയായിരുന്നു റസ്സലിന് എതിരെയായിരുന്നു.

റസ്സലിന്റെ വിക്കറ്റ് നേടുകയും ചെയ്തിരുന്നു. 4 ഓവർ പൂർത്തിയാക്കിയപ്പോൾ 11 റൺസ് മാത്രമാണ് വിട്ടു നൽകിയത്.
അതേസമയം ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് ആർസിബിയുടെ തന്നെ മറ്റൊരു താരം സിറാജാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയ് എതിരെയായിരുന്നു ഈ അപൂർവ നേട്ടത്തിൽ സിറാജ് എത്തിചേർന്നത്.

Leave a comment