Skip to content

ഞാനെൻ്റെ പാഠം പഠിച്ചു, ഐ പി എൽ 2019 ലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് ജോസ് ബട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗ് 2019 സീസണിനിടെ രവിചന്ദ്രൻ അശ്വിൻ മങ്കാദിങ് എന്നറിയപെട്ടിരുന്ന റണ്ണൗട്ടിലൂടെ തന്നെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിച്ച് ജോസ് ബട്ലർ. കാലങ്ങളായി സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായി കണക്കാക്കിയിരുന്ന ഈ ഡിസ്മിസൽ എം സി സി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിനെ പറ്റി പറയുന്ന നിയമത്തിലേക്ക് മാറ്റിയിരുന്നു. ഇനി നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്ററെ ബൗളർ പുറത്താക്കിയാൽ അത് റണ്ണൗട്ടായാണ് കണക്കാക്കുക.

” ബൗളർ പന്ത് റിലീസ് ചെയ്യുന്ന വരെ ബാറ്റർ ക്രീസ് വിട്ട് പുറത്തുപോയില്ലെങ്കിൽ അവിടെ യാതൊരു പ്രശ്നവും ഉണ്ടാകില്ല. എൻ്റെ കരിയറിൽ രണ്ട് തവണ അത്തരത്തിൽ ഞാൻ പുറത്തായി. അതിനാല് ഞാൻ ഇപ്പോൾ എൻ്റെ പാഠം പഠിച്ചിരിക്കുന്നു. ആ സമയത്തെ ഇമോഷൻ വിവരിക്കാൻ പ്രയാസമാണ്. ”

” നിങ്ങൾ നിങ്ങളുടെ ടീമിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നു. എല്ലായ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്നു. തീർച്ചയായും അത്തരത്തിൽ പുറത്താകുന്നത് ഞെട്ടിക്കും. അതിനെ കുറിച്ച് ആളുകളുടെ അഭിപ്രായം എന്താണെന്നത് ഞാൻ ശ്രദ്ധിക്കുന്നില്ല. നിങ്ങൾ ക്രീസിൽ തുടരുകയാണെങ്കിൽ അതിനെ കുറിച്ച് സംസാരിക്കേണ്ട അവസരം പോലും ഉണ്ടാകില്ല. ” ജോസ് ബട്ട്ലർ പറഞ്ഞു.

ഇക്കുറി ഒരേ ടീമിലാണ് ഇരുവരും കളിക്കുന്നത്. താരലേലത്തിലാണ് ഡൽഹി ക്യാപിറ്റൽസിൽ നിന്നും രവിചന്ദ്രൻ അശ്വിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്. ഇതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിനും തൻ്റെ അഭിപ്രായം പങ്കുവെച്ചു.

” ഈ സംഭവം നടന്നപ്പോൾ ജോസിന് നിരാശയും അസ്വസ്ഥതയും തോന്നിയെന്ന് ഞാൻ കരുതുന്നു. ശരിയാണ് കാരണം ഇത് അംഗീകരിക്കപെട്ട സമ്പ്രദായമല്ല. ഇത് ദിവസവും നടക്കുന്ന ഒന്നല്ല. എനിക്കത് പൂർണമായും മനസ്സിലാക്കാൻ കഴിയും. ക്രിക്കറ്റ് സമൂഹത്തിൽ ഇത് അംഗീകരിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഇങ്ങനെ ചെയ്യണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് ഓരോരുത്തരാണ്. എന്നാൽ അതിൽ സ്വഭാവഹത്യ ചെയ്യരുത്. ” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.