Skip to content

ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർത്താടി ഫാഫ് ഡുപ്ലെസിസ്, തകർപ്പൻ നേട്ടത്തിൽ ഡേവിഡ് വാർണർക്കൊപ്പം

തകർപ്പൻ പ്രകടമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ആർ സീ ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് കാഴ്ച്ചവെച്ചത്. ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള ഡുപ്ലെസിസിൻ്റെ ആദ്യ മത്സരം കൂടിയാണിത്. മെല്ലെ തുടങ്ങിയ ഡുപ്ലെസിസ് പിന്നീട് തകർപ്പൻ ഷോട്ടുകളിലൂടെ ആർ സീ ബിയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.

( Picture Source : IPL )

57 പന്തിൽ മൂന്ന് ഫോറും 7 സിക്സുമടക്കം 88 റൺസ് നേടിയാണ് ഡുപ്ലെസിസ് പുറത്തായത്. ആദ്യ 35 പന്തുകളിൽ 25 റൺസ് മാത്രം നേടിയ ഫാഫ് പിന്നീട് നേരിട്ട 22 പന്തുകളിൽ 63 റൺസ് അടിച്ചുകൂട്ടി. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 3000 റൺസും ഡുപ്ലെസിസ് പൂർത്തിയാക്കി. 94 ഇന്നിങ്‌സുകളിൽ നിന്നാണ് ഡുപ്ലെസിസ് 3000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടിയ ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഡേവിഡ് വാർണർക്കൊപ്പം ഡുപ്ലെസിസ് മൂന്നാം സ്ഥാനത്തെത്തി.

( Picture Source : IPL )

75 ഇന്നിങ്സിൽ നിന്നും 3000 റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ഈ നേട്ടത്തിൽ തലപ്പത്തുള്ളത്. 80 ഇന്നിങ്സിൽ നിന്നും 3000 റൺസ് നേടിയ കെ എൽ രാഹുലാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഡുപ്ലെസിസിനൊപ്പം 29 പന്തിൽ ഒരു ഫോറും 2 സിക്സുമടക്കം 41 റൺസ് നേടിയ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 14 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 32 റൺസ് നേടിയ ദിനേഷ് കാർത്തിക്കും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. നിശ്ചിത 20 ഓവറിൽ 205 റൺസാണ് ആർ സീ ബി അടിച്ചുകൂട്ടിയത്. ഐ പി എല്ലിൽ ഇത് 21 ആം തവണയാണ് ആർ സീ ബി 200 ലധികം റൺസ് നേടുന്നത്.

( Picture Source : IPL )