Skip to content

മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഐ പി എൽ 2022 ലെ ലീഗ് ഘട്ട മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, പൂനെ എം സി എ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസിന് ഇത് നേട്ടമുണ്ടാക്കുമെന്ന് ചില ഐ പി എൽ ഫ്രാഞ്ചൈസികൾ ബിസിസിഐയോട് പരാതിപെട്ടിരുന്നു. ഈ ഫ്രാഞ്ചൈസികൾക്ക് തകർപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ.

തങ്ങളുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ നാല് മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് കളിക്കുന്നുണ്ട്. ഇതാണ് മറ്റു ടീമുകളിൽ നിന്നും എതിർപ്പ് ഉയരുവാൻ കാരണമായത്. എന്നാൽ കഴിഞ്ഞ വർഷത്തെ അനുഭവം മുൻനിർത്തിയാണ് വിമാനമാർഗ്ഗമുള്ള യാത്രകൾ പൂർണമായും ഒഴിവാക്കി മത്സരങ്ങൾ മഹാരാഷ്ട്രയിലെ നാല് വേദികളിലായി നടത്തുവാൻ ബിസിസിഐ തീരുമാനിച്ചത്.

” കഴിഞ്ഞ രണ്ട് സീസണുകളിലും ഞങ്ങൾ മുംബൈയിൽ കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം നിരവധി ടീമുകൾ മുംബൈയിൽ കളിച്ചു. ഞങ്ങളുടേത് പുതിയ ടീമാണ്, ടീമിലെ ഭൂരിഭാഗം പേരും മുംബൈയിൽ കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മത്സരങ്ങൾ മുംബൈയിൽ നടക്കുന്നത് ഞങ്ങൾക്ക് പ്രയോജനപെടുമെന്ന് കരുതുന്നില്ല. “

” ഞങ്ങളെ മുംബൈയിൽ കളിക്കാൻ അനുവദിക്കരുതെന്ന് പല ഫ്രാഞ്ചൈസികളും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എതിർക്കുന്ന ഫ്രാഞ്ചൈസികൾ അവരുടെ നഗരങ്ങളിൽ മൂന്നോ നാലോ സ്റ്റേഡിയങ്ങൾ പണിയട്ടെ എന്നാണ് എൻ്റെ അഭിപ്രായം ” രോഹിത് ശർമ്മ പറഞ്ഞു.

വീഡിയോ ;

 

കഴിഞ്ഞ വർഷം പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഇക്കുറി തങ്ങളുടെ ആറാം കിരീടം ലക്ഷ്യം വെച്ചുകൊണ്ടാണ് രോഹിത് ശർമ്മയും കൂട്ടരും ഐ പി എൽ പോരാട്ടത്തിനെത്തുന്നത്.