Skip to content

നിർഭാഗ്യം നോ ബോളിൻ്റെ രൂപത്തിൽ, ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്ത്

ഐസിസി വുമൺസ് ലോകകപ്പിൽ നിന്നും ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്ത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ മത്സരത്തിൽ പരാജയപെട്ടത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ സൗത്താഫ്രിക്ക മറികടന്നു. അവസാന രണ്ട് പന്തിൽ മൂന്ന് റൺസ് വേണമെന്നിരിക്കെ അഞ്ചാം പന്തിൽ ഫിഫ്റ്റി നേടിയ മിഗ്നൊൻ ഡു പ്രീസിനെ ദീപ്തി ശർമ്മ പുറത്താക്കിയെങ്കിലും തേർഡ് അമ്പയർ നോ ബോൾ വിധിച്ചതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.

( Picture Source : Twitter )

79 പന്തിൽ 80 റൺസ് നേടിയ വോൾവാർഡ്ടും 49 റൺസ് നേടിയ ലാറ ഗുഡോളും ഡു പ്രീസിനൊപ്പം മികവ് പുലർത്തി. ഇന്ത്യയ്ക്ക് വേണ്ടി രാജേശ്വരി ഗയ്ഗ്വാദും ഹർമൻപ്രീത് കൗറും രണ്ട് വിക്കറ്റ് വീതം നേടി. സൗത്താഫ്രിക്കയുടെ വിജയത്തോടെ വെസ്റ്റിൻഡീസ് സെമിഫൈനലിൽ പ്രവേശിച്ചു. ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിഫൈനൽ യോഗ്യത നേടിയ മറ്റു ടീമുകൾ.

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാന, ഷഫാലി വർമ, ക്യാപ്റ്റൻ മിതാലി രാജ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. മികച്ച തുടക്കമാണ് സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 91 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഷഫാലി വർമ്മ 46 പന്തിൽ 8 ഫോറടക്കം 53 റൺസും സ്മൃതി മന്ദാന 84 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 71 റൺസ് നേടി പുറത്തായി.

യാസ്തിക ബാട്ടിയ 2 റൺസ് നേടി പുറത്തായെങ്കിലും 84 പന്തിൽ 68 റൺസ് നേടിയ ക്യാപ്റ്റൻ മിതാലി രാജും 57 പന്തിൽ 48 റൺസ് നേടിയ ഹർമൻപ്രീത് കൗറും മികവ് പുലർത്തിയതോടെ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് ഇന്ത്യ നേടി. ഏഴ് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ വിജയിച്ചത്.

( Picture Source : Twitter )

ഇന്ന് നടന്ന മറ്റൊരു നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 100 റൺസിന് പരാജയപ്പെടുത്തികൊണ്ട് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമിഫൈനൽ യോഗ്യത നേടി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബംഗ്ലാദേശിന് 134 റൺസ് നേടാനെ സാധിച്ചുള്ളൂ.

മാർച്ച് 30 നും 31 നുമാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ മൂന്നിനാണ് ഫൈനൽ പോരാട്ടം.

( Picture Source : Twitter )