Skip to content

അവനും രോഹിത് ശർമ്മയുടെ പോലെയാകും, റിഷഭ് പന്തിനെ പ്രശംസിച്ച് റിക്കി പോണ്ടിങ്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനും ഇന്ത്യൻ വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തിൻ്റെ ക്യാപ്റ്റൻസി യാത്ര രോഹിത് ശർമ്മയുടെ പോലെയാകുമെന്ന് ക്യാപിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിങ്. ചെറുപ്പത്തിൽ തന്നെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായ രോഹിത് ശർമ്മ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ക്യാപ്റ്റനായി മാറുകയും ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റനായി മാറുകയും ചെയ്തു.

” ഞാനതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, എന്നാൽ യഥാർത്ഥത്തിൽ അവർ ഇരുവരും ഒരുപോലെയാണ്. രോഹിത് മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ വളരെ ചെറുപ്പമായിരുന്നു. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവൻ സ്ഥാനം ഉറപ്പിക്കാനും തുടങ്ങിയിരുന്നു. ഇപ്പോൾ റിഷഭ് പന്തിൻ്റെ പ്രായമായിരുന്നു ആ സമയത്ത് രോഹിത് ശർമ്മയ്ക്ക്. ”

” സത്യസന്ധമായി പറഞ്ഞാൽ അവർ തമ്മിൽ ഏറെ സാമ്യമുണ്ട്. അവർ നല്ല സുഹൃത്തുക്കളാണ്, ഇരുവരും ഒരുപാട് സംസാരിക്കും. രോഹിത് ശർമ്മയുടെ പോലെ സമാനമായ യാത്രയായിരിക്കും പന്തിൻ്റേത്. വിജയകരമായ ഫ്രാഞ്ചൈസിയുടെ യുവക്യാപ്റ്റനാണ് പന്ത്. മുംബൈ ഇന്ത്യൻസിൽ രോഹിത് നേടിയ വിജയം പന്തിനും ആവർത്തിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. ” റിക്കി പോണ്ടിങ് പറഞ്ഞു.

” കൂടാതെ ഐ പി എൽ പോലെ ഉയർന്ന സമ്മർദ്ദം നിറഞ്ഞ ടൂർണമെൻ്റിൽ ക്യാപ്റ്റനായി അനുഭവമുള്ളതിനാൽ ഋഷഭ് പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ക്യാപ്റ്റനായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അതിൽ യാതൊരു സംശയവുമില്ല. ” പോണ്ടിങ് കൂട്ടിച്ചേർത്തു.

ഡൽഹി ക്യാപിറ്റൽസിൽ കോച്ചായി എത്തുന്നതിന് മുൻപ് 2013 മുതൽ 2016 വരെ മുംബൈ ഇന്ത്യൻസിൻ്റെ ഹെഡ് കോച്ചായിരുന്നു റിക്കി പോണ്ടിങ്. 2013 ലും 2016 ലും കിരീടം നേടുവാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. രോഹിത് പിന്നീട് ഇന്ത്യൻ ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറുകയും ഈ വർഷത്തോടെ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ നായകനായി മാറുകയും ചെയ്തു.