Skip to content

ലാഹോറിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് ഓസ്ട്രേലിയ, പരമ്പരയും സ്വന്തമാക്കി കമ്മിൻസും കൂട്ടരും

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആവേശവിജയം നേടി ഓസ്ട്രേലിയ. ലാഹോറിൽ നടന്ന മത്സരത്തിൽ 115 റൺസിനായിരുന്നു ഓസ്ട്രേലിയ പാകിസ്ഥാനെ തകർത്തത്. മത്സരത്തിൽ 351 റൺസിൻ്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 235 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. അഞ്ചാം ദിനത്തിലെ അവസാന സെഷനിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്.

( Picture Source : Twitter )

മത്സരത്തിലെ വിജയത്തോടെ പരമ്പര 1-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. റാവൽപിണ്ടിയിലും കറാച്ചിയിലും നടന്ന ആദ്യ മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു. 2011 ന് ഏഷ്യയിൽ ഓസ്ട്രേലിയ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണിത്.

83 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേതൻ ലയണാണ് പാകിസ്ഥാനെ തകർത്തത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. 70 റൺസ് നേടിയ ഇമാം ഉൾ ഹഖും, 55 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും മാത്രമെ പാകിസ്ഥാന് വേണ്ടി തിളങ്ങിയുള്ളൂ.

( Picture Source : Twitter )

നേരത്തേ ആദ്യ ഇന്നിങ്സിൽ 123 റൺസിൻ്റെ ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 227 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. 104 റൺസ് നേടി പുറത്താകാതെ നിന്ന ഖവാജയും 51 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ആദ്യ ഇന്നിങ്സിൽ 91 റൺസ് നേടിയ ഖവാജയുടെ മികവിലാണ് ഓസ്ട്രേലിയ 391 റൺസ് നേടിയത്. കാമറോൺ ഗ്രീൻ 79 റൺസും അലക്സ് കാരി 67 റൺസും സ്റ്റീവ് സ്മിത്ത് 59 റൺസും നേടി. മറുപടി ബാറ്റിങിൽ പാകിസ്ഥാന് 268 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : Twitter )