Skip to content

ഐ പി എൽ ലോകത്തിലെ ഏറ്റവും മികച്ച ഫിസിയോ, കളിക്കാർക്കെതിരെ രവി ശാസ്ത്രിയുടെ ഒളിയമ്പ്

ഐ പി എൽ പതിനഞ്ചാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഏതൊരു ക്രിക്കറ്ററുടെയും സ്വപ്നങ്ങളിൽ ഒന്നാണ് ഐ പി എല്ലിൻ്റെ ഭാഗമാവുകയെന്നത്. ഐ പി എല്ലിന് മുൻപേ ഏതൊരു ക്രിക്കറ്റ് താരവും പരിക്കിൽ നിന്നും മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാൻ പരമാവധി ശ്രമിക്കും, അത്തരം താരങ്ങൾക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.

ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞതിനാൽ നീണ്ട ഏഴ് വർഷത്തിന് ശേഷം കമൻ്റേറ്ററായി ഐ പി എല്ലിൽ തിരികെയെത്തിയിരിക്കുകയാണ് രവി ശാസ്ത്രി. രവി ശാസ്ത്രിയ്ക്കൊപ്പം സുരേഷ് റെയ്ന അടക്കമുള്ള താരങ്ങളും കമൻ്റേറ്റർ പാനലിൽ ഉണ്ടാകും.

” ഐ പി എൽ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നാണ്, മാത്രവുമല്ല ഐ പി എൽ ലോകത്തിലെ ഏറ്റവും മികച്ച ഫിസിയോ കൂടിയാണ്. കാരണം ഐ പി എൽ കളിക്കാൻ എല്ലാവർക്കും ആഗ്രഹം ഉള്ളതിനാൽ ലേലത്തിന് മുൻപേ എല്ലാവരും ഫിറ്റ്നസ് വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു. ” രവി ശാസ്ത്രി പറഞ്ഞു.

” ഈ സീസണിൽ പുതിയ ക്യാപ്റ്റന്മാരായ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പന്തിനെ എനിക്കറിയാം, ക്രിക്കറ്റിൽ നല്ല ബുദ്ധി അവനുണ്ട്, ഇവരെല്ലാം അവരുടെ ടീമുകളെ എങ്ങനെയാണ് നയിക്കുന്നതെന്ന് സെലക്ടർമാർക്ക് കാണാനുള്ള മികച്ച അവസരമാണിത്. കാരണം ഇന്ത്യ ഭാവി ക്യാപ്റ്റനെ തേടികൊണ്ടിരിക്കുകയാണ്. രോഹിത് ഇനി രണ്ട് വർഷത്തേക്ക് തുടരും, അതിന് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. ഇതാണ് അതിനുള്ള മികച്ച അവസരം. ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.