പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമിനൊപ്പം ചേർന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

നീണ്ട നാല് വർഷത്തിന് ശേഷം പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമായ ലഖ്നൗവിൽ ചേർന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. കെ എൽ രാഹുലിനെ നിലനിർത്താൻ പഞ്ചാബ് തയ്യാറായിരുന്നുവെങ്കിലും ടീം വിടുവാൻ കെ എൽ രാഹുൽ തീരുമാനിക്കുകയായിരുന്നു.

ഐ പി എൽ പോലെയൊരു ടൂർണ്ണമെൻ്റിൽ ഒരു പുതിയ ടീമിനെ വളർത്തിയെടുക്കുകയെന്നത് വളരെ വെല്ലുവിളിയാണെന്നും ആ വെല്ലുവിളി ഏറ്റെടുക്കാനാണ് താൻ പഞ്ചാബ് കിങ്‌സിൽ നിന്നും പുതിയ ടീമിലേക്ക് നീങ്ങിയതെന്നും കെ എൽ രാഹുൽ പറഞ്ഞു.

” ഈയൊരു അവസരം എനിക്ക് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. പുതിയ ടീമിൻ്റെയും ഫ്രാഞ്ചൈസിയുടെയും ഭാഗമാകാനും ആദ്യം മുതൽക്കെ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുന്നതും, അതാണ് എന്നെ ആവേശം കൊള്ളിച്ചത്. അതുകൊണ്ടാണ് ഞാൻ പഞ്ചാബ് കിങ്സിൽ നിന്നും പുതിയ ടീമിലേക്ക് മാറിയത്. ”

” പുതിയൊരു ടീമിൻ്റെ ഭാഗമാകാനും ഈ വഴിയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും ഞാൻ ആഗ്രഹിച്ചു. ഇതെൻ്റെ കരിയറിൽ ഗുണം ചെയ്യും, ഒപ്പം ഒരു ക്രിക്കറ്റർ എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും വളരാനും എന്നെ സഹായിക്കും. അതുകൊണ്ട് തന്നെ ഇത് വളരെ ആവേശം നൽകുന്നതാണ്. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ മുൻപോട്ട് നോക്കുന്നത്. ” കെ എൽ രാഹുൽ പറഞ്ഞു.

” ലക്നൗ സൂപ്പർ ജയൻ്റ്സിനൊപ്പം എനിക്ക് ലഭിച്ച കുറച്ച് സമയം പോലും എനിക്ക് പുതിയ അനുഭവമായിരുന്നു. ടീമിലെ ഒരോ കളിക്കാരനെയും കുറിച്ചും ടീമിൻ്റെ ഘടനയെ കുറിച്ചും ലേലത്തെ കുറിച്ചും ചർച്ച ചെയ്യുന്ന മീറ്റിങുകളിൽ ഞാൻ ഇതിനുമുൻപ് ഭാഗമായിട്ടില്ല. ” കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

കെ എൽ രാഹുലിന് പുറമെ മാർക്കസ് സ്റ്റോയിനിസ്, രവി ബിഷ്നോയ് എന്നിവരെയാണ് ലക്നൗ ലേലത്തിന് മുൻപായി ടീമിൽ എത്തിച്ചത്. ലേലത്തിൽ ക്വിൻ്റൻ ഡീകോക്ക്, മനീഷ് പാണ്ഡെ, ജേസൺ ഹോൾഡർ, ആവേശ് ഖാൻ അടക്കമുളള താരങ്ങളെ ലഖ്നൗ സ്വന്തമാക്കിയിരുന്നു.