Skip to content

രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യൻ ടീമിൻ്റെ വമ്പൻ റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ വുമൺസ് ടീം

ഐസിസി വുമൺസ് ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരെ നേടിയ വിജയത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് ഓസ്ട്രേലിയൻ വനിത ടീം. രാഹുൽ ദ്രാവിഡിൻ്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കുറിച്ച റെക്കോർഡാണ് ടൂർ്ണമെൻ്റിലെ തങ്ങളുടെ തുടർച്ചയായ ആറാം വിജയത്തോടെ മെഗ് ലാന്നിങും കൂട്ടരും തകർത്തത്.

( Picture Source : Twitter )

മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 272 റൺസിൻ്റെ വിജയലക്ഷ്യം 45.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 130 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം 135 റൺസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങാണ് ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്.

( Picture Source : Twitter )

ഏകദിന ക്രിക്കറ്റിൽ ചേസിങിൽ ഓസ്ട്രേലിയ നേടുന്ന തുടർച്ചയായി 18 ആം വിജയമാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ചേസിങിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ടീമെന്ന റെക്കോർഡ് ഓസ്ട്രേലിയൻ വുമൺസ് ടീം സ്വന്തമാക്കി. 2005 മുതൽ 2006 വരെ തുടർച്ചയായി ചേസിങിൽ 17 വിജയം നേടിയ ഇന്ത്യയുടെ റെക്കോർഡാണ് ഓസ്ട്രേലിയ തകർത്തത്. രാഹുൽ ദ്രാവിഡിൻ്റെ ക്യാപ്റ്റൻസിയിലായിരുന്നു ഈ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ ലോകകപ്പിലെ തുടർച്ചയായ ആറാം വിജയമാണ് ഓസ്ട്രേലിയ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപെടുത്തി സെമിഫൈനലും ഓസ്ട്രേലിയ ഉറപ്പിച്ചിരുന്നു. മറുഭാഗത്ത് ഇന്ന് നടന്ന നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി ഇന്ത്യ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. ടൂർണമെൻ്റിലെ മൂന്നാം വിജയമാണ് ഇന്ത്യ ഇന്ന് നേടിയത്.

( Picture Source : Twitter )