ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗവിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി, അനുമതി നൽകാൻ സാധിക്കില്ലയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പർജയൻ്റ്സിൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ടസ്കിൻ അഹമ്മദിന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് നിഷേധിച്ചതാണ് ഇപ്പോൾ ലക്നൗവിന് തിരിച്ചടിയായിരിക്കുന്നത്.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് മാർക്ക് വുഡിന് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് മാറിനിൽക്കേണ്ടിവന്നത്.

നിലവിൽ സൗത്താഫ്രിക്കയിൽ ഏകദിന പരമ്പര കളിക്കുന്ന ടസ്കിൻ അഹമദിനെ ലക്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീർ വിളിക്കുകയും ഐ പി എൽ കരാർ ഓഫർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഐ പി എല്ലിൽ കളിക്കണമെങ്കിൽ ടസ്കിൻ അഹമ്മദിന് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പിൻമാറേണ്ടിവരും. എന്നാൽ അതിനിടയിൽ ടാസ്കിൻ അഹമദിന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.

അന്താരാഷ്ട്രാ ക്രിക്കറ്റിലെ മത്സരങ്ങളുടെ എണ്ണം പരിഗണിച്ചാണ് ടസ്‌കിൻ അഹമ്മദിനെ ഐ പി എല്ലിൽ കളിക്കാൻ അനുവദിക്കുകയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയത്.

” ഇപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര നടന്നുകൊണ്ടിരിക്കുന്നു, ഇനി ഇന്ത്യയ്ക്കെതിരായ പരമ്പര നടക്കാനിരിക്കുന്നു, അതുകൊണ്ട് തന്നെ ഇത് ടസ്കിൻ ഐ പി എല്ലിൽ കളിക്കുന്നതിന് ശരിയായ സമയമല്ലയെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഇതിനെ കുറിച്ച് ടസ്കിനുമായി ഞങ്ങൾ സംസാരിച്ചു, അവനും സാഹചര്യം മനസ്സിലാക്കി. ഐ പി എല്ലിൽ കളിക്കുന്നില്ലയെന്നും സൗത്താഫ്രിക്കൻ പര്യടനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നും അവൻ ഫ്രാഞ്ചൈസിയെ അറിയിച്ചു. ” ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.