Skip to content

രക്ഷകനായി ബാബർ അസം, സെഞ്ചുറിയുമായി റിസ്വാനും, കറാച്ചി ടെസ്റ്റിൽ സമനില പിടിച്ച് പാകിസ്ഥാൻ

ബാബർ അസമിൻ്റെയും മൊഹമ്മദ് റിസ്വാൻ്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ സമനില നേടി ആതിഥേയരായ പാകിസ്ഥാൻ. മത്സരത്തിൽ 506 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ അഞ്ചാം ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 443 റൺസ് നേടി. 171 ഓവറുകൾ പൊരുതിയാണ് പാകിസ്ഥാൻ മത്സരത്തിൽ സമനില നേടിയത്.

( Picture Source : Twitter )

425 പന്തിൽ 196 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്ഥാനെ പരാജയത്തിൽ നിന്നും രക്ഷിച്ചത്. മൊഹമ്മദ് റിസ്വാൻ 104 റൺസ് നേടി പുറത്താകാതെ നിന്നു. 96 റൺസ് നേടിയ അബ്ദുള്ള ഷഫീഖ് മികച്ച പിന്തുണ ബാബർ അസമിന് നൽകി. ഓസ്ട്രേലിയൻ ബൗളർമാർ മികവ് പുലർത്തിയെങ്കിലും പാഴാക്കിയ ക്യാച്ചുകൾ ടീമിന് തിരിച്ചടിയായി.

( Picture Source : Twitter )

നേതൻ ലയൺ നാല് വിക്കറ്റ് നേടിയപ്പോൾ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 2 വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും നേടി. നേരത്തേ ആദ്യ ഇന്നിങ്സിൽ 408 റൺസിൻ്റെ കൂറ്റൻ ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 97 റൺസിന് ഡിക്ലയർ ചെയ്തിരുന്നു.

ആദ്യ ഇന്നിങ്സിൽ 148 റൺസ് നേടാൻ മാത്രമാണ് പാകിസ്ഥാന് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കാണ് ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെ തകർത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 160 റൺസ് നേടിയ ഉസ്മാൻ ഖവാജ, 93 റൺസ് നേടിയ അലക്സ് കാരി, 72 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിലാണ് 556 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

പരമ്പരയിലെ ആദ്യ മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. മാർച്ച് 21 ന് ലാഹോറിലാണ് പരമ്പരയിലെ അവസാന മത്സരം.

( Picture Source : Twitter )