Skip to content

അങ്ങനെ ചെയ്താൽ പിന്നെ ആരും പാകിസ്ഥാൻ സൂപ്പർ ലീഗിന് മുകളിൽ ഐ പി എല്ലിന് പ്രാധാന്യം നൽകില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

പാകിസ്ഥാൻ സൂപ്പർ ലീഗ് ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നും ഐ പി എൽ പോലെ ലേല സിസ്റ്റത്തിലേക്ക് മാറ്റുവാൻ ആഗ്രഹിക്കുന്നതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. പാകിസ്ഥാൻ സൂപ്പർ ലീഗ് ഓക്ഷൻ സിസ്റ്റത്തിലേക്ക് മാറിയാൻ അത് ഐ പി എല്ലിന് വെല്ലുവിളിയാകുമെന്നും പിന്നീട് കളിക്കാർ കൂടുതൽ പ്രാധാന്യം ഐ പി എല്ലിന് നൽകുകയില്ലെന്നും റമീസ് രാജ പറഞ്ഞു.

” സാമ്പത്തികമായി സ്വതന്ത്രമാകുവാൻ പുതിയ വഴികൾ തേടേണ്ടതുണ്ട്. ഇപ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗും ഐസിസി ഫണ്ടും അല്ലാതെ ഞങ്ങൾക്ക് മറ്റൊന്നുമില്ല. അടുത്ത വർഷം പുതിയ മോഡലിനെ ചൊല്ലി തർക്കം നിലനിൽക്കുന്നു. അടുത്ത വർഷം മുതൽ ഓക്ഷൻ (ലേലം) സിസ്റ്റത്തിലേക്ക് മാറുവാൻ ഞാൻ ആഗ്രഹിക്കുന്നു. സ്പോൺസർമാർ അടക്കമുള്ളവർ ഈ തീരുമാനത്തിന് അനുകൂലമാണ്, ഇതിനെകുറിച്ച് ഫ്രാഞ്ചൈസികളുമായി ചർച്ച നടത്തേണ്ടതുണ്ട്. ” റമീസ് രാജ പറഞ്ഞു.

” ഇത് പണത്തിൻ്റെ കളിയാണ്, പാകിസ്ഥാനിൽ ക്രിക്കറ്റ് സമ്പദ്വ്യവസ്ഥ വളരുമ്പോൾ നമുക്ക് ലഭിക്കുന്ന ബഹുമാനവും വർധിക്കും, ആ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കണ്ണി പി എസ് എല്ലാണ്. പാകിസ്ഥാൻ സൂപ്പർ ലീഗ് ലേല മോഡലാക്കുകയും ടീമുകളുടെ പേഴ്സ് വർധിപ്പിക്കുകയും ചെയ്താൽ പിന്നെ ഐ പി എല്ലിനൊപ്പം പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ചേർത്തുവെയ്ക്കാം. പിന്നീട് പാകിസ്ഥാൻ സൂപ്പർ ലീഗിനെ അവഗണിച്ച് ആരാണ് ഐ പി എല്ലിൽ കളിക്കുന്നതെന്ന് നോക്കാം. ” റമീസ് രാജ കൂട്ടിച്ചേർത്തു.

” അടുത്ത സീസൺ മുതൽ പി എസ് എൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ ടീമുകളുടെയും പേഴ്സ് വർധിപ്പിക്കും. മെച്ചപെടണമെങ്കിൽ പണം ടീമുകൾക്ക് ചിലവഴിക്കേണ്ടിവരും. ഒരു ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നും ഈ ഓക്ഷൻ സിസ്റ്റത്തിലേക്ക് മാറുമ്പോൾ ലോകത്തിലെ കഴിവുറ്റ കളിക്കാരെ നിങ്ങൾക്ക് ലഭ്യമാകും. ഞാൻ രണ്ട് ഫ്രാഞ്ചൈസികളോട് ഇതിനെ കുറിച്ച് സംസാരിച്ചു, അവർ ഈ മാറ്റത്തിൽ സന്തുഷ്ടരാണ്. മറ്റുള്ള ടീമുകളായി ഞാൻ ഉടനെ സംസാരിക്കും. ഇതിപ്പോഴും ആരംഭിച്ചിട്ടില്ല, എന്നാൽ എൻ്റെ ആഗ്രഹങ്ങളുടെ പട്ടികയിൽ ഇത് ഒന്നാമതാണ്. ” റമീസ് രാജ പറഞ്ഞു.