Skip to content

വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകുവാൻ അവന് സാധിക്കും, രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് മുൻ നായകൻ വിരാട് കോഹ്ലി. നീണ്ട അഞ്ച് വർഷം ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിച്ചുകൊണ്ടാണ് വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യൻ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയതും വിരാട് കോഹ്ലിയാണ്. എന്നാൽ വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകുവാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ.

( Picture Source : BCCI )

മികച്ച തുടക്കമാണ് ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമ്മയ്ക്ക് ലഭിച്ചത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ആധികാരിക വിജയം ഇന്ത്യ നേടിയിരുന്നു. ആദ്യ മത്സരത്തിൽ ഒരു ഇന്നിങ്സിനും 222 റൺസിനും വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 238 റൺസിന് വിജയിച്ചിരുന്നു.

( Picture Source : BCCI )

” വിരാട് കോഹ്ലിയേക്കാൾ മികച്ച ടെസ്റ്റ് ക്യാപ്റ്റനാകുവാൻ രോഹിത് ശർമ്മയ്ക്ക് കഴിയും. രോഹിതിന് എത്ര ടെസ്റ്റുകൾ നയിക്കാൻ സാധിക്കുമെന്ന് അറിയില്ല. പക്ഷേ തന്ത്രപരമായി രോഹിത് ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണെന്ന് എനിക്ക് തോന്നുന്നു. അവൻ്റെ കീഴിൽ ഓരോ പരമ്പരയും വൈറ്റ്വാഷ് ചെയ്തുവിജയിച്ചത് നമുക്ക് മുന്നിലുണ്ട്. ക്യാപ്റ്റൻസി ശരിയായ വ്യക്തിയുടെ കൈകളിൽ എത്തിയതുപോലെയാണ് തോന്നുന്നത്. ” വസിം ജാഫർ പറഞ്ഞു.

( Picture Source : BCCI )

കോഹ്ലിയെ പോലെ ഒരുപാട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുവാൻ 35 ക്കാരനായ രോഹിത് ശർമ്മയ്ക്ക് സാധിച്ചേക്കില്ല. എന്നാൽ കോഹ്ലിയ്ക്ക് നേടാൻ സാധിക്കാതിരുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് നേടികൊടുക്കാനുള്ള അവസരം രോഹിത് ശർമ്മയ്ക്ക് മുൻപിലുണ്ട്. ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥനത്തെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

( Picture Source : BCCI )