തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നും 185 റൺസ് നേടിയ പന്തായിരുന്നു പ്ലേയർ ഓഫ് ദി സിരീസ് സ്വന്തമാക്കിയത്. ഇതോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് റിഷഭ് പന്ത്.

മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 97 പന്തിൽ 96 റൺസ് നേടിയ പന്ത് ബാംഗ്ലൂരിൽ നടന്ന ഡേ നൈറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 26 പന്തിൽ 39 റൺസും രണ്ടാം ഇന്നിങ്സിൽ 31 പന്തിൽ 50 റൺസും നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ വെറും 28 പന്തിൽ നിന്നാണ് പന്ത് ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് പന്ത് സ്വന്തമാക്കിയിരുന്നു.

ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് സ്വന്തമാക്കുന്നത്. ഇതിനുമുൻപ് സാക്ഷാൽ എം എസ് ധോണി അടക്കമുള്ളവർക്ക് ഒരിക്കൽ പോലും ടെസ്റ്റ് ക്രിക്കറ്റിൽ പ്ലേയർ ഓഫ് ദി സിരീസ് നേടുവാൻ സാധിച്ചിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ ചുരുങ്ങിയ കാലയവിനുള്ളിൽ നിരവധി റെക്കോർഡുകളാണ് പന്ത് തിരുത്തികുറിച്ചത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി നേടിയ ഒരേയൊരു ഏഷ്യൻ വിക്കറ്റ് കീപ്പറായ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ്. ബാംഗ്ലൂർ ടെസ്റ്റിൽ 28 പന്തിൽ നേടിയ ഫിഫ്റ്റിയോടെ ടെസ്റ്റിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന നേട്ടവും പന്ത് സ്വന്തമാക്കിയിരുന്നു.
