Skip to content

എബിഡി…എബിഡി, ആർപ്പുവിളിയുമായി ചിന്നസ്വാമിയിൽ ആരാധകർ, സ്ലിപ്പിൽ നിന്ന് കോഹ്ലിയുടെ പ്രതികരണം ഇങ്ങനെ – വീഡിയോ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കളത്തിൽ ആരാധകരുമായുള്ള ഇടപഴകലിന് പേരുകേട്ട താരമാണ്, പ്രത്യേകിച്ച്  ടെസ്റ്റ് മത്സരത്തിൽ. കോഹ്ലി അഭ്യർത്ഥിച്ചാൽ ആർപ്പുവിളിയുമായി ബൗളർമാരെ ആവേശത്തിലാക്കുന്ന കാണികളെ പലതവണ കണ്ടതാണ്.  ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്ന ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 100 ​​ശതമാനം കാണികളെ അനുവദിച്ചതോടെ കാണികളുമായി ഇടപഴകാൻ കോഹ്ലിക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്.

കോഹ്ലിയുടെ ‘രണ്ടാം ഹോമിൽ’ വൻ വരവേൽപ്പ് തന്നെയാണ് ആരാധകർ ആദ്യ ദിനം നൽകിയത്. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായതിനാൽ തന്നെ ആർസിബി എന്ന ആർപ്പുവിളിയും ഉയർന്നിരുന്നു. ഇതിനിടെ ഡിവില്ലിയേഴ്‌സ് എന്ന ആർപ്പുവിളിയുമായി ആരാധകർ എത്തിയിരുന്നു.

ഇതിന് കോഹ്ലി നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സ്ലിപ്പിൽ ഫീൽഡിങ് ചെയ്യുകയായിരുന്നു കോഹ്ലി, ഡിവില്ലിയേഴ്സ് എന്ന് ഉച്ചത്തിൽ ശബ്ദം ഉയരാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ ബാറ്റിങ് അനുകരിക്കുകയായിരുന്നു. അതേസമയം ലീഗ് ക്രിക്കറ്റിൽ നിന്നും ഡിവില്ലിയേഴ്‌സ് വിരമിച്ചതോടെ ഇത്തവണ ആർസിബിക്ക് ഒപ്പം ഉണ്ടാവില്ല. മെന്റേഴ്‌സ് റോളിൽ ടീമിന് ഒപ്പം ഡിവില്ലിയേഴ്‌സ് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സൂചന ലഭിച്ചിട്ടില്ല.

ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ  ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഇന്ത്യ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 252 റൺസിന് മറുപടിയുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 86 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി.

15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുമാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. അക്ഷർ പട്ടേൽ ഒരു വിക്കറ്റ് നേടി. 85 പന്തിൽ 43 റൺസ് നേടിയ എഞ്ചലോ മാത്യൂസ് മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.