Skip to content

ഇതിൽ കൗറും അർഹയാണ്, പ്ലേയർ ഓഫ് ദി മാച്ച് ഹർമൻപ്രീത് കൗറുമായി പങ്കിട്ട് സ്മൃതി മന്ദാന

തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന നേടിയത്. മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം നേടിയതോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്മൃതി മന്ദാനയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ മത്സരത്തിൽ തനിക്കൊപ്പം സെഞ്ചുറി നേടിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം പ്ലേയർ ഓഫ് ദി മാച്ച് പങ്കിട്ടുകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴക്കിയിരിക്കുകയാണ് മന്ദാന.

( Picture Source : Twitter / BCCI )

മത്സരത്തിൽ സ്മൃതി മന്ദാന 119 പന്തിൽ 13 ഫോറും രണ്ട് സിക്സുമടക്കം 123 റൺസ് നേടിയപ്പോൾ ഹർമൻപ്രീത് കൗർ 107 പന്തിൽ 10 ഫോറും രണ്ട് സിക്സുമടക്കം 109 റൺസ് നേടിയിരുന്നു. ഇരുവരുടെയും മികവിലാണ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 317 റൺസ് ഇന്ത്യ നേടിയത്. മറുപടിയായി 162 റൺസ് നേടാനെ വെസ്റ്റിൻഡീസിന് സാധിച്ചുള്ളൂ.

( Picture Source : Twitter / BCCI / ICC )

” ഒരു സെഞ്ചുറി നേടുകയും പ്ലേയർ ഓഫ് ദി മാച്ച് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു പ്ലേയർ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കാത്ത കാര്യമാണ്. ടീമിനെ 300 റൺസിൽ എത്തിക്കാൻ ഞങ്ങൾ ഒരുപോലെ സംഭാവന ചെയ്തുവെന്നു. അതുകൊണ്ട് തന്നെ ട്രോഫി പങ്കിടുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നത്. ഐസിസി മറ്റൊരു ട്രോഫി നൽകുമെന്ന് എനിക്കുറപ്പുണ്ട്. അവർക്ക് അത് ചെയ്യാനുള്ള ബജറ്റ് ഉണ്ടെന്നും എനിക്കറിയാം. ” മത്സരശേഷം സ്മൃതി മന്ദാന പറഞ്ഞു.

( Picture Source : Twitter / BCCI / ICC )

ഏകദിന ക്രിക്കറ്റിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണ് സ്മൃതി മന്ദാന നേടിയത്. മറുഭാഗത്ത് തൻ്റെ നാലാം ഏകദിന സെഞ്ചുറിയാണ് ഹർമൻപ്രീത് കൗർ നേടിയത്.

ലോകകപ്പിലെ രണ്ടാം വിജയമാണ് ഇന്ത്യ മത്സരത്തിൽ കുറിച്ചത്. കഴിഞ്ഞ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപെട്ട ഇന്ത്യ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പരാജയപെടുത്തിയിരുന്നു. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

( Picture Source : Twitter / BCCI / ICC )