Skip to content

ജഡേജ ഡബിൾ സെഞ്ചുറി നേടണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

മൊഹാലി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്യുന്നതിന് മുൻപേ ജഡേജ ഡബിൾ സെഞ്ചുറി നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ ഒരു ഇന്നിങ്സിനും 222 റൺസിനും വിജയിച്ച മത്സരത്തിൽ ജഡേജ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് പുറത്തെടുത്തത്.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് നേടിയ ഇന്ത്യയെ വമ്പൻ സ്കോറിൽ എത്തിച്ച ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റും നേടി. ഇന്ത്യയുടെ വമ്പൻ വിജയത്തിനിടയിലും ജഡേജയ്ക്ക് ഡബിൾ സെഞ്ചുറി നേടാൻ അനുവദിക്കാതെ ഡിക്ലയർ ചെയ്ത തീരുമാനത്തിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ ആരാധകരെ പോലെ തന്നെ ജഡേജ ഡബിൾ സെഞ്ചുറി നേടാനാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ആഗ്രഹിച്ചതെന്നും അതിന് നോ പറഞ്ഞത് ജഡേജ തന്നെയാണെന്നും അശ്വിൻ വെളിപ്പെടുത്തി.

( Picture Source : BCCI )

” രോഹിത് എത്ര തന്ത്രപരമായ ക്യാപ്റ്റനാണെന്നും എത്ര മികച്ച ക്യാപ്റ്റനാണെന്നും നമുക്കറിയാം. പക്ഷേ അവൻ ടീമിനെ നയിച്ച രീതിയിൽ ഒരുപാട് മാനുഷിക ഘടകങ്ങൾ ഞാൻ കണ്ടു. അവൻ ടീമിലെ എല്ലാവരെയും പരിഗണിച്ചു, അവർക്കെന്താണ് തോന്നുന്നതെന്നും അവരുടെ ആത്മവിശ്വാസം എത്രത്തോളമാണെന്നും അവൻ നോക്കികണ്ടു. ” അശ്വിൻ പറഞ്ഞു.

” തന്ത്രപരമായ കാര്യങ്ങൾകപ്പുറം അവൻ മത്സരം കൂടുതൽ ലളിതമാക്കി. ഡിക്ലയർ ചെയ്യുന്ന സമയത്തും ജഡേജ ഡബിൾ സെഞ്ചുറി നേടണമെന്നായിരുന്നു അവൻ്റെ ആഗ്രഹം, അതൊന്നും പ്രധാനമല്ലയെന്നും ഡിക്ലയർ ചെയ്തോളൂവെന്നും പറഞ്ഞത് ജഡ്ഡുവായിരുന്നു. എല്ലാം കൊണ്ടും രോഹിത് ശർമ്മ വളരെ പരിചയസമ്പന്നനാണ്. മികച്ച ജോലിയാണ് അവൻ ചെയ്തത്. ” അശ്വിൻ കൂട്ടിച്ചേർത്തു.

( Picture Source : BCCI )

മാർച്ച് 12 ന് ബംഗളൂരുവിലാണ് പരമ്പരയിലെ അവസാനത്തെയും രണ്ടാമത്തെയും ടെസ്റ്റ് നടക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോൾ ടെസ്റ്റ് കൂടിയാണിത്.

( Picture Source : BCCI )