Skip to content

മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ നേടിയിരുന്നു. ജഡേജയ്ക്കൊപ്പം വിക്കറ്റ് കീപ്പർ റിഷഭ് പന്തും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും റാങ്കിങിൽ നേട്ടമുണ്ടാക്കി.

ആദ്യ ഇന്നിങ്സിൽ 175 റൺസ് നേടിയ ജഡേജ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ 41 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 46 റൺസ് വഴങ്ങി നാല് വിക്കറ്റും നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ഓൾ റൗണ്ടർ റാങ്കിങിൽ രവിചന്ദ്രൻ അശ്വിനെയും ജേസൺ ഹോൾഡറെയും പിന്നിലാക്കി ജഡേജ ഒന്നാം സ്ഥാനത്തെത്തി.

പാകിസ്ഥാനെതിരായ മത്സരത്തിൽ 8 റൺസ് നേടി പുറത്തായ ട്രാവിസ് ഹെഡ് ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി റാങ്കിങിൽ അഞ്ചാം സ്ഥാനത്തെത്തി. ടെസ്റ്റ് ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ 29 റൺസ് നേടി പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നാണ് ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ബൗളർമാരുടെ റാങ്കിങിൽ തലപത്തുള്ളത്. രവിചന്ദ്രൻ അശ്വിന് കമ്മിൻസിന് പുറകിലുണ്ട്.

മൊഹാലി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 97 പന്തിൽ 96 റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആദ്യ പത്തിൽ വീണ്ടും തിരിച്ചെത്തി. പാക് ക്യാപ്റ്റൻ ബാബർ അസമിന് പുറകിൽ പത്താം സ്ഥാനത്താണ് പന്തുള്ളത്.