വോണിനെ കുറിച്ച് സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞ് റിക്കി പോണ്ടിങ്, വീഡിയോ കാണാം

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള ഓർമകൾ പങ്കുവെയ്ക്കുന്നതിനിടെ പൊട്ടികരഞ്ഞ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. സഹതാരങ്ങൾ എന്നതിലുപരി പോണ്ടിങിൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷെയ്ൻ വോൺ. ഓസ്ട്രേലിയൻ ടീമിലെത്തുന്നതിന് മുൻപേ കൗമാരകാലം മുതൽ ഇരുവരും ചങ്ങാതിമാരാണ്.

( Picture Source : Twitter )

1992 ൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ സ്റ്റീവ് വോ, മാർക്ക് ടെയ്ലർ, റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, അലൻ ബോർഡർ എന്നീ ക്യാപ്റ്റന്മാരുടെ കീഴിൽ കളിച്ചിട്ടുണ്ടെങ്കിലും വോൺ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് പോണ്ടിങ് ക്യാപ്റ്റനായിരിക്കെയാണ്. 34 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ പോണ്ടിങ് ക്യാപ്റ്റനായിരിക്കെ ഷെയ്ൻ വോൺ വീഴ്ത്തി. വോണിൻ്റെ ഏറ്റവും മികച്ച പ്രകടനം കണ്ട 2005 ആഷസ് പരമ്പരയിലും ഓസ്ട്രേലിയയുടെ നയിച്ചത് റിക്കി പോണ്ടിങായിരുന്നു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ആദ്യം 700 വിക്കറ്റ് നേടിയ ബൗളറാണ് ഷെയ്ൻ വോൺ. 708 വിക്കറ്റ് നേടി ഷെയ്ൻ വോൺ കരിയറിൽ നിന്നും വിരമിച്ചതിന് ശേഷമാണ് മുത്തയ്യ മുരളീധരൻ വോണിനെ വിക്കറ്റ് വേട്ടയിൽ പിന്നിലാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മുത്തയ്യ മുരളീധരനൊപ്പം ആയിരത്തിലധികം വിക്കറ്റ് നേടിയ ബൗളറാണ് ഷെയ്ൻ വോൺ.

വീഡിയോ :

” ഇത് വാക്കുകളിൽ വിവരിക്കുകയെന്നത് പ്രയാസമാണ്. എനിക്ക് 15 വയസ്സുള്ളപ്പോൾ അക്കാദമിയിൽ വെച്ചാണ് ഞങ്ങൾ പരിചയപെടുന്നത്, അന്നവൻ എനിക്കൊരു വിളിപ്പേര് നൽകി. ഒരു പതിറ്റാണ്ടിലേറെ ഞങ്ങൾ ടീമംഗങ്ങളായിരുന്നു. ഉയർച്ചകളിലൂടെയും താഴ്ച്ചകളിലൂടെയും ഞങ്ങൾ ഒരുമിച്ച് നീങ്ങി. ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും തൻ്റെ സുഹൃത്തുക്കൾക്ക് എപ്പോഴും മുൻഗണന നൽകുകയും ചെയ്യുന്ന ഒരാളായിരുന്നു വോൺ. ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബൗളർ. RIP കിങ്. “വോണിനെ കുറിച്ച് പോണ്ടിങ് ട്വിറ്ററിൽ കുറിച്ചു.

( Picture Source : Twitter )