അത് ടീമിൻ്റെയും ജഡേജയുടെയും തീരുമാനമായിരുന്നു, ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഡിക്ലയർ ചെയ്തതിനെ കുറിച്ച് രോഹിത് ശർമ്മ

തകർപ്പൻ പ്രകടമാണ് മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ജഡേജ 175 റൺസ് നേടി നിൽക്കവെയാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ജഡേജയ്ക്ക് ഡബിൾ സെഞ്ചുറി നേടാൻ അനുവദിക്കാതെ ഡിക്ലയർ ചെയ്ത തീരുമാനത്തിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ ഡിക്ലയർ ചെയ്യാനുള്ള തീരുമാനത്തിന് ഗ്രീൻ സിഗ്നൽ നൽകിയത് ജഡേജ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

( Picture Source : BCCI )

” സത്യം പറഞ്ഞാൽ മത്സരം മൂന്ന് ദിവസം കൊണ്ട് അവസാനിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതൊരു നല്ലൊരു ബാറ്റിങ് പിച്ചായിരുന്നു, അതിനൊപ്പം അൽപ്പം ടേണും പേസർമാർക്ക് അനുകൂലവും ഉണ്ടായിരുന്നു. ക്രെഡിറ്റ് അർഹിക്കുന്നത് ബൗളർമാർക്കാണ്. അവർ നന്നായി പന്തെറിഞ്ഞുകൊണ്ട് സമ്മർദം നിലനിർത്തി, ഒരിക്കൽ പോലും കാര്യങ്ങൾ ശ്രീലങ്കൻ ബാറ്റ്സ്മാന്മാർക്ക് എളുപ്പമാക്കിയില്ല. ”

( Picture Source : BCCI )

” ഈ കളിയുടെ ഹൈലൈറ്റ് ജഡേജയായിരുന്നു, ഡിക്ലയർ ചെയ്യണോ വേണ്ടയോ എന്നൊരു ചോദ്യം ഉയർന്നിരുന്നു. എന്നാലത് ടീമിൻ്റെയും ഒപ്പം ജഡേജയുടെയും തീരുമാനമായിരുന്നു. അത് അവനെത്ര നിസ്വാർത്ഥനാണെന്ന് തെളിയിക്കുന്നു. ” രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 228 പന്തിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ നേടി. ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു താരം 150 ലധികം റൺസും ഒമ്പത് വിക്കറ്റും നേടുന്നത്.

( Picture Source : BCCI )

മത്സരത്തിൽ ഒരു ഇന്നിങ്സിനും 222 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. 574 റൺസെന്ന ഇന്ത്യയുടെ വമ്പൻ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 174 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. തുടർന്ന് 400 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യിക്കപെട്ട ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 178 റൺസിന് പുറത്തായി. ടെസ്റ്റ് ക്രിക്കറ്റിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ പരാജയമാണിത്.

( Picture Source : BCCI )