Skip to content

ഇനി മുൻപിൽ കുംബ്ലെ മാത്രം, വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ നേടിയ അഞ്ചാം വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

( Picture Source : BCCI )

രണ്ടാം ഇന്നിങ്സിൽ 36 ആം ഓവറിലെ മൂന്നാം പന്തിൽ അസലങ്കയെ പുറത്താക്കിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ സ്പിന്നറായി രവിചന്ദ്രൻ അശ്വിൻ മാറിയത്. 131 മത്സരങ്ങളിൽ നിന്നും 434 വിക്കറ്റുകളാണ് ടെസ്റ്റ് കരിയറിൽ കപിൽ നേടിയിരുന്നത്. തൻ്റെ 85 ആം മത്സരത്തിലാണ് വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ രവിചന്ദ്രൻ അശ്വിൻ പിന്നിലാക്കിയത്.

( Picture Source : BCCI )

132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ മാത്രമാണ് ഇനി ഇന്ത്യൻ ബൗളർമാരിൽ രവിചന്ദ്രൻ അശ്വിന് മുന്നിലുള്ളത്. മത്സരത്തിൽ നേടിയ നാലാം വിക്കറ്റോടെ 93 മത്സരങ്ങളിൽ നിന്നും 433 വിക്കറ്റ് നേടിയ മുൻ ശ്രീലങ്കൻ സ്പിന്നർ രംഗണ ഹെറാത്തിനെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന നാലാമത്തെ സ്‌പിന്നറായി രവിചന്ദ്രൻ അശ്വിൻ മാറി.

( Picture Source : BCCI )

800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ഷെയ്ൻ വോൺ, 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ എന്നിവരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്‌പിന്നർമാരുടെ പട്ടികയിൽ ഇനി അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )

കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഒമ്പതാം സ്ഥനത്തെത്താനും രവിചന്ദ്രൻ അശ്വിന് സാധിച്ചു. മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), ജയിംസ് ആൻഡേഴ്സൺ (640), അനിൽ കുംബ്ലെ (619), ഗ്ലെൻ മഗ്രാത്ത് (563), സ്റ്റുവർട്ട് ബ്രോഡ് (537), കോർട്ട്‌നി വാൽഷ് (519), ഡെയ്ൽ സ്റ്റെയ്ൻ (439) എന്നിവരാണ് ടെസ്റ്റിൽ ഏറ്റവും വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഇനി രവിചന്ദ്രൻ അശ്വിന് മുൻപിലുള്ളത്.

( Picture Source : BCCI )