Skip to content

ഐസിസി വുമൺസ് ലോകകപ്പ്, പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. പാകിസ്ഥാനെതിരായ മത്സരത്തിൽ 107 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 43 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ നാലാം വിജയമാണിത്. ഇതുവരെ ലോകകപ്പിലോ ഏകദിന ക്രിക്കറ്റിലോ ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാൻ വനിതകൾക്ക് സാധിച്ചിട്ടില്ല.

( Picture Source : BCCI / Twitter )

പത്തോവറിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയക്വാദാണ് പാകിസ്ഥാനെ തകർത്തത്. ജുലൻ ഗോസ്വാമി, സ്നേ റാണ എന്നിവർ രണ്ട് വിക്കറ്റ് വീതവും ദീപ്തി ശർമ്മ, മേഘ്ന സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പാകിസ്ഥാൻ നിരയിൽ ആർക്കും തന്നെ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. 64 പന്തിൽ 30 റൺസ് നേടിയ സിദ്ര അമീനാണ് പാക് നിരയിലെ ടോപ്പ് സ്കോറർ.

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് നേടിയിരുന്നു. ഒരു ഘട്ടത്തിൽ 114 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ 48 പന്തിൽ 53 റൺസ് നേടിയ സ്നേ റാണയും 59 പന്തിൽ 67 റൺസ് നേടിയ പൂജ വസ്ത്രകറുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

( Picture Source : BCCI / Twitter )

സ്മൃതി മന്ദാന 52 റൺസും ദീപ്തി ശർമ്മ 40 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 36 പന്തിൽ 9 റൺസ് നേടി പുറത്തായ മിതാലി രാജിനും 14 പന്തിൽ 5 റൺസ് നേടി പുറത്തായ ഹർമൻപ്രീത് കൗറിനും തിളങ്ങാൻ സാധിച്ചില്ല.

( Picture Source : BCCI / Twitter )

ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ നാലാം വിജയമാണിത്. ഏകദിന ക്രിക്കറ്റിലും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഈ മത്സരമടക്കം 11 ഏകദിനങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 11 മത്സരങ്ങളിലും വിജയം നേടിയത് ഇന്ത്യയായിരുന്നു.

( Picture Source : BCCI / Twitter )