Skip to content

ഡിക്ലയർ ചെയ്യാനുള്ള സന്ദേശം നൽകിയത് ഞാൻ തന്നെയായിരുന്നു, വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

തൻ്റെ ഡബിൾ സെഞ്ചുറിയ്ക്ക് കാത്തുനിൽക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത തീരുമാനത്തോട് പ്രതികരിച്ച് രവീന്ദ്ര ജഡേജ. ഡിക്ലയർ ചെയ്യാനുള്ള സന്ദേശം ഡ്രസിങ് റൂമിന് നൽകിയത് താൻ തന്നെയാണെന്ന് രവീന്ദ്ര ജഡേജ വെളിപ്പെടുത്തി. ജഡേജ 175 റൺസ് നേടി നിൽക്കവേ 574 ന് 8 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.

( Picture Source : Twitter )

ജഡേജയെ സെഞ്ചുറി നേടാൻ അനുവദിക്കാതെ ഡിക്ലയർ ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനത്തിനെതിരെ ഒരുകൂട്ടം ആരാധകർ രംഗത്തെത്തിയിരുന്നു. രണ്ടാം ദിനം കളി അവസാനിച്ച ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ ജഡേജ തന്നെ ഇപ്പോൾ ആ തീരുമാനത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

( Picture Source : BCCI )

” ഡിക്ലയർ ചെയ്യാനുള്ള സമയമായെന്ന് എൻ്റെ മനസ്സിലും തോന്നിയിരുന്നു, അത് ഞാൻ അവരോട് പറയുകയും ചെയ്തു. ഞാൻ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് സ്പിൻ ചെയ്യാൻ തുടങ്ങിയിരുന്നു. അസ്ഥിരമായ ബൗൺസും ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ പിച്ച് പ്രതികരിച്ചുതുടങ്ങിയെന്നും ശ്രീലങ്കയെ ബാറ്റിങിനയക്കാമെന്നും ഞാൻ അവരോട് നിർദ്ദേശിച്ചു. ” 

” ഡബിൾ സെഞ്ചുറി നേടിയ ശേഷം ഡിക്ലയർ ചെയ്യാമെന്ന സന്ദേശം കുൽദീപ് യാദവ് മുഖേന രോഹിത് ശർമ്മ എന്നെ അറിയിച്ചിരുന്നു. എന്നാൽ അവശരായ ശ്രീലങ്കൻ ബാറ്റ്സ്മാന്മാരെ ചായക്ക് മുൻപ് കളിക്കാൻ വിട്ടാൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ കിട്ടാൻ സാധ്യതയുള്ളതിനാൽ ഡബിൾ സെഞ്ചുറി നേടാനുള്ള അവൻ്റെ നിർദ്ദേശത്തെ ഞാൻ എതിർത്തു. ” ജഡേജ പറഞ്ഞു.

( Picture Source : BCCI )

” അവർ രണ്ട് ദിവസമായി ഫീൽഡ് ചെയ്യുന്നു, അവർ സ്വാഭാവികമായും ക്ഷീണിതരായിരുന്നു. അതുകൊണ്ട് തന്നെ ബാറ്റിങിനിറങ്ങി ഷോട്ടുകൾ കളിക്കുകയെന്നതും ക്രീസിൽ നിലയുറപ്പിക്കുകയെന്നതും അവർക്ക് എളുപ്പമാവില്ല. അതിനാൽ വേഗത്തിൽ റൺസ് സ്കോർ ചെയ്തുകൊണ്ട് എത്രയും വേഗം ഡിക്ലയർ ചെയ്യുകയെന്നതായിരുന്നു ഞങ്ങളുടെ പദ്ധതി. ” ജഡേജ പറഞ്ഞു.

( Picture Source : BCCI )

മത്സരത്തിൽ ഇന്ത്യ ഇതിനോടകം പിടിമുറുക്കി കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം കളി നിർത്തുമ്പോൾ 108 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : BCCI )