Skip to content

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ജഡേജ

തകർപ്പൻ പ്രകടനമാണ് മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റാർക്കും നേടാൻ സാധിക്കാത്ത അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജഡേജ.

( Picture Source : BCCI )

228 പന്തിൽ 17 ഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 175 റൺസ് നേടിയ ജഡേജയുടെ മികവിലാണ് ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 96 റൺസ് നേടിയ പന്തും 61 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും 58 റൺസ് നേടിയ ഹനുമാ വിഹാരിയും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റും, ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്സിൽ എഴാമനായി ഇറങ്ങിയ ജഡേജ മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കുവഹിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഏഴാമനായി ഇറങ്ങി ഒരു താരം മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്നത്.

( Picture Source : BCCI )

ആറാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനൊപ്പം 103 റൺസ് കൂട്ടിച്ചേർത്ത ജഡേജ ഏഴാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനൊപ്പം 130 റൺസും തുടർന്ന് ഒമ്പതാം വിക്കറ്റിൽ മൊഹമ്മദ് ഷാമിക്കൊപ്പം 103 റൺസും കൂട്ടിച്ചേർത്തിരുന്നു.

( Picture Source : BCCI )

കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാമനായി ഇറങ്ങി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും ജഡേജ സ്വന്തമാക്കി. 1986 ൽ ശ്രീലങ്കയ്ക്കെതിരെ 163 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിൻ്റെ റെക്കോർഡാണ് ജഡേജ തകർത്തത്.

( Picture Source : BCCI )