Skip to content

ഇവർ തമ്മിലാണോ വഴക്ക്?! കോഹ്ലിയോടുള്ള രോഹിതിന്റെ സ്നേഹം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ – വീഡിയോ

ടെസ്റ്റ് കരിയറിൽ നൂറാം മത്സരം പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് വൻ വരവേൽപ്പാണ് ടീം അംഗങ്ങളും മാനേജ്‌മെന്റും നൽകിയത്. മത്സരത്തിന് മുന്നോടിയായി കോച്ച് രാഹുൽ ദ്രാവിഡ് പ്രത്യേക ക്യാപ് സമ്മാനിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഫീൽഡിങ്ങിന് ഇറങ്ങുന്നതിന് മുന്നോടിയായി ടീം അംഗങ്ങൾ ചേർന്ന് ഗാർഡ് ഓഫ് ഓണറും നൽകിയിരിക്കുകയാണ്.

ഇതിന് പിന്നിലുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല വീഡിയോയിൽ രോഹിത് കോഹ്ലിയോട് കാണിക്കുന്ന സ്നേഹമാണ് ആരാധകരെ വീഡിയോയിലേക്ക് ആകർഷിച്ചത്. ഗാർഡ് ഓഫ് ഓണർ നൽകുന്ന കാര്യം അറിയാതിരുന്ന കോഹ്ലി ടീം അംഗങ്ങൾ ഒരുങ്ങുന്നതിന് മുമ്പേ ഗ്രൗണ്ടിൽ എത്തിയിരുന്നു. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ഗാർഡ് ഓഫ് ഓണർ നൽകാൻ ആയിരുന്നു രോഹിതും കൂട്ടരും രഹസ്യമായി പ്ലാൻ ചെയ്തത്.

കോഹ്ലി ഇവർക്ക് മുമ്പേ ഗ്രൗണ്ടിൽ എത്തിയത് പദ്ധതി അവതാളത്തിലാക്കി. ഇതോടെ വീണ്ടും ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പോകാൻ കോഹ്ലിയോട് രോഹിത് ആവശ്യപ്പെടുന്ന രംഗമാണ് വീഡിയോയിലുള്ളത്.
കാര്യം മനസ്സിലാകാത്ത കോഹ്ലി എന്താണെന്ന് ചോദിക്കുന്നതും ബൗണ്ടറി ലൈനിന് അപ്പുറം പോകാൻ രോഹിത് പറയുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 228 പന്തിൽ 175 റൺസ് നേടി ജഡേജ പുറത്താകാതെ നിന്നു. 97 പന്തിൽ 96 റൺസ് നേടിയ വിക്കറ്റ് കീപ്പർ റിഷഭ് പന്തും, 82 പന്തിൽ 61 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും 58 റൺസ് നേടിയ ഹനുമാ വിഹാരിയും ജഡേജയ്ക്കൊപ്പം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്ലി മാറിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗവാസ്കർ, വെങ്സർക്കർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ്മ എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.