Skip to content

കപിൽ ദേവിന്റെ അപൂർവ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ജഡേജ

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ  മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഇന്ത്യ രണ്ടാം ദിനം ആദ്യ ഇന്നിംഗ്സ് 574 റൺസിൽ ഡിക്ലയർ ചെയ്തു. 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ഇന്ത്യ ഈ കൂറ്റൻ സ്‌കോർ നേടിയത്. 228 പന്തിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജയുടെ തകർപ്പൻ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് വൻ സ്കോറിന് വഴിയൊരുക്കിയത്. 6 വിക്കറ്റിന് 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്.

അശ്വിനും ജഡേജയുമായിരുന്നു ക്രീസിൽ. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. 82 പന്തിൽ 61 റൺസ് നേടി അശ്വിൻ പുറത്തായതോടെ ഈ കൂട്ടുകെട്ടിന് അവസാനമായി. ഇതിനിടെ ജഡേജ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കി. അശ്വിൻ ശേഷം ക്രീസിൽ എത്തിയ ജയന്റ് യാദവ് 2 റൺസ് മാത്രം നേടി പുറത്തായി. പിന്നാലെ എത്തിയ ഷമിയെയും കൂട്ടു പിടിച്ച് അതിവേഗം സ്‌കോർ ഉയർത്തുന്ന ജഡേജയെയാണ് മൊഹാലിയിൽ കണ്ടത്. 9ആം വിക്കറ്റ് ഷമിക്കൊപ്പം മറ്റൊരു 100 റൺസ് കൂട്ടുകെട്ടും ജഡേജ പടുത്തുയർത്തി.

അതിവേഗ ബാറ്റിങ്ങിനിടെ ജഡേജ കപിൽ ദേവിന്റെ അപൂർവ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ  7ആം നമ്പറിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഉയർന്ന സ്‌കോർ നേടിയ താരമെന്ന റെക്കോർഡാണ് ജഡേജ സ്വന്തമാക്കിയത്. 163 റൺസുമായി ഇതുവരെ കപിൽ ദേവ് ആയിരുന്നു ലിസ്റ്റിൽ ഒന്നാമത്. 159 റൺസുമായി വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഈ ലിസ്റ്റിൽ ഉണ്ട്. 1986ൽ ശ്രീലങ്കയ്ക്കെതിരെ കാൻപൂരിൽ വെച്ചാണ് കപിൽ ദേവ് ഈ നേട്ടം സ്വന്തമാക്കിയത്.

നേരെത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്  ഭേദപ്പെട്ട തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും മായങ്ക് അഗർവാളും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 52 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. അഗർവാൾ 33 റൺസും രോഹിത് ശർമ്മ 29 റൺസും നേടി പുറത്തായി. പുജാരയ്ക്ക് പകരക്കരനായി മൂന്നാമനായി ഇറങ്ങിയ ഹനുമാ വിഹാരി 58 റൺസ് നേടി പുറത്തായപ്പോൾ തൻ്റെ നൂറാം മത്സരത്തിൽ ബാറ്റിങിനിറങ്ങിയ വിരാട് കോഹ്ലി 45 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 27 റൺസ് നേടി പുറത്തായി.

97 പന്തിൽ നിന്നും 9 ഫോറും 4 സിക്സുമടക്കം 96 റൺസ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.
ശ്രേയസ് അയ്യർക്കൊപ്പം അഞ്ചാം വിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്ത പന്ത് ജഡേജയ്ക്കൊപ്പം ആറാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. 9 ഫോറും 4 സിക്സും നേടി കാണികളെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്ക് നാല് റൺസ് അകലെ ലക്മലാണ് പന്തിനെ പുറത്താക്കിയത്.