Skip to content

സെഞ്ചുറികളോ റെക്കോഡുകളോ അല്ല ,ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള നിൻ്റെ ഏറ്റവും വലിയ സംഭാവന അതാണ്, സച്ചിൻ ടെണ്ടുൽക്കർ

പുതിയ തലമുറയ്ക്കേകിയ പ്രചോദനമാണ് ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി വിരാട് കോഹ്ലി നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റിന് മുൻപായി ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് വിരാട് കോഹ്ലിയെ കുറിച്ചുള്ള തൻ്റെ ഓർമകൾ സച്ചിൻ ടെണ്ടുൽക്കർ പങ്കുവെച്ചത്.

മൊഹാലിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്ലി മാറും. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത് ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ക്രിക്കറ്റർ എന്ന നിലയിൽ കോഹ്ലിയുടെ വിജയം മറ്റൊന്നാണെന്നും വീഡിയോയിൽ സച്ചിൻ പറഞ്ഞു.

” ഗംഭീരമായ നേട്ടമാണിത്. 2007-08 ൽ ഓസ്ട്രേലിയൻ പര്യടനത്തിൽ ആയിരുന്നപ്പോഴാണ് ഞാൻ നിന്നെ കുറിച്ച് ആദ്യമായി കേട്ടത്. നിങ്ങളന്ന് മലേഷ്യയിൽ അണ്ടർ 19 ലോകകപ്പ് കളിക്കുകയായിരുന്നു. നിന്നെ കുറിച്ച് ചർച്ച ചെയ്യുന്ന ചില കളിക്കാർ ടീമിലുണ്ടായിരുന്നു, ഇവൻ ശ്രദ്ധിക്കേണ്ട കളിക്കാരനാണ്, അവൻ നന്നായി ബാറ്റ് ചെയ്യുന്നുവെന്നവർ പറഞ്ഞിരുന്നു. ”

” അതിനുശേഷം നമ്മൾ ഇന്ത്യയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചു, അധികനാൾ ഒരുമിച്ച് കളിച്ചില്ലെങ്കിൽ കൂടിയും ഒരുമിച്ച് ചിലവഴിച്ച സമയമത്രയും കാര്യങ്ങൾ പഠിക്കാൻ താൽപ്പര്യമുള്ളയാളാണെന്ന് വ്യക്തമായിരുന്നു. വർഷങ്ങളായി നിൻ്റെ വളർച്ച കണ്ടുകൊണ്ടിരുന്നത് അതിശയകരമായിരുന്നു. റെക്കോർഡുകൾക്ക് അതിൻ്റേതായ പ്രാധാന്യം ഉണ്ടായിരിക്കാം, അടുത്ത തലമുറയ്ക്ക് പ്രചോദനമേകാൻ കഴിഞ്ഞുവെന്നതാണ് നിൻ്റെ യഥാർത്ഥ ശക്തി. ”

” അതുതന്നെയായിരുന്നു നിൻ്റെ യഥാർത്ഥ ശക്തിയും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയുള്ള നിൻ്റെ മഹത്തായ സംഭാവനയും, അതാണ് ഒരു ക്രിക്കറ്ററുടെ യഥാർത്ഥവിജയം, ക്രിക്കറ്റിൽ ഇനിയും ഒരുപാട് വർഷങ്ങൾ നിനക്കുണ്ടാകട്ടെയെന്ന് ഞാൻ ആശംസിക്കുന്നു ” കോഹ്ലിയ്ക്ക് വേണ്ടിയുള്ള സന്ദേശത്തിൽ സച്ചിൻ പറഞ്ഞു.