Skip to content

കോഹ്ലിയുടെ നൂറാം ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാത്ത തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ

മൊഹാലിയിൽ നടക്കാനിരിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ബിസിസിഐയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ബിസിസിഐയുടെ നിർദ്ദേശപ്രകാരമാണ് മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കാണികളെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ വിലക്കിയത്. സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഈ തീരുമാനത്തിനെതിരെ ഉയരുന്നത്.

ശ്രീലങ്കയ്ക്കെതിരെ നടന്ന ടി20 പരമ്പരയിൽ ബിസിസിഐ കാണികളെ അനുവദിച്ചിരുന്നു. മൊഹാലി ടെസ്റ്റിന് ശേഷം നടക്കുന്ന ബാംഗ്ലൂർ ടെസ്റ്റിലും ബിസിസിഐ കാണികളെ അനുവദിക്കുന്നുണ്ട്.

” ഏതു മത്സരമായാലും കാണികൾ ഉണ്ടാവണമെന്നാണ് ഓരോ കളിക്കാരനും ആഗ്രഹിക്കുന്നത്. അടുത്ത കാലത്തായി കാണികൾ ഇല്ലാതെയാണ് ഇന്ത്യ കളിച്ചത്. ഏതൊരു ക്രിക്കറ്ററായാലും കാണികൾക്ക് മുൻപിൽ കളിക്കാനാണ് ആഗ്രഹിക്കുക, കൂടാതെ നൂറാം ടെസ്റ്റ് എന്നുള്ളത് വളരെയേറെ സ്പെഷ്യലാണ്. ”

” അവിടെ കാണികൾ ഉണ്ടാകില്ലയെന്നത് നിരാശാജനകമാണ്. പക്ഷേ ഇതുചിലപ്പോൾ മറ്റൊരു കാരണം കൊണ്ട് എടുത്തതായിരിക്കാം, മത്സരം നടക്കുന്ന മൊഹാലിയിൽ കോവിഡ് കേസുകൾ വളരെ കൂടുതലാണ്. ” സുനിൽ ഗവാസ്കർ പറഞ്ഞു.

നൂറാം ടെസ്റ്റ് സെഞ്ചുറി നേടി കോഹ്ലി ആഘോഷിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും താനടക്കമുള്ള ഒരുപാട് ബാറ്റ്സ്മാന്മാർക്ക് അതിന് സാധിച്ചിട്ടില്ലയെന്നും കോഹ്ലി ആ അപൂർവ്വനേട്ടം സ്വന്തമാക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.

” നൂറാം ടെസ്റ്റ് സെഞ്ചുറി നേടി അവൻ അഘോഷിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അധികം ബാറ്റ്സ്മാന്മാർക്ക് അതിന് സാധിച്ചില്ല. 100 ടെസ്റ്റ് മത്സരങ്ങൾ ആദ്യമായി കളിച്ച കോളിൻ ക്രൗഡി നൂറാം മത്സരത്തിൽ സെഞ്ചുറി നേടിയിരുന്നു, ജാവേദ് മിയാൻദാധിനും അതിന് സാധിച്ചു. ഒരുപാട് ബാറ്റ്സ്മാൻമാർ 100 ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിലും ആ മത്സരത്തിൽ സെഞ്ചുറി നേടാൻ സാധിച്ചിട്ടില്ല. എൻ്റെ നൂറാം മത്സരത്തിൽ 48 ൽ നിൽക്കെ ഹാഫ് വോളി ഞാൻ സ്ക്വയർ ലെഗിലേക്ക് ക്ലിപ്പ് ചെയ്താണ് ഔട്ടായത്, നിങ്ങൾക്കത് വിശ്വസിക്കാനാകുമോ ” സുനിൽ ഗാവസ്കർ കൂട്ടിച്ചേർത്തു.