Skip to content

തുടർച്ചയായ മൂന്നാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിക്കൊപ്പം ഇടംനേടി ശ്രേയസ് അയ്യർ

തകർപ്പൻ പ്രകടമാണ് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-0 ന് തൂത്തുവാരിയ പരമ്പരയിലെ മൂന്ന് മത്സരത്തിലും താരം ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.

മൂന്നാം മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയം നേടിയ ഇന്ത്യ പരമ്പര 3-0 ന് തൂത്തുവാരി. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 147 റൺസിൻ്റെ വിജയലക്ഷ്യം 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ടി20 ഫോർമാറ്റിലെ ഇന്ത്യയുടെ തുടർച്ചയായ പന്ത്രണ്ടാം വിജയമാണിത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 28 പന്തിൽ 57 റൺസ് നേടിയ അയ്യർ രണ്ടാം മത്സരത്തിൽ 44 പന്തിൽ 6 ഫോറും 4 സിക്സുമടക്കം 74 റൺസും അവസാന മത്സരത്തിൽ 45 പന്തിൽ 73 റൺസും നേടിയിരുന്നു. മൂന്ന് മത്സരത്തിലും അയ്യരിനെ പുറത്താക്കാൻ ശ്രീലങ്കൻ ബൗളർമാർക്ക് സാധിച്ചില്ല. മൂന്നാം മത്സരത്തിലും ഫിഫ്റ്റി നേടിയതോടെ വിരാട് കോഹ്ലിയ്ക്ക് ശേഷം ഒരു ടി20 പരമ്പരയിലെ തുടർച്ചയായ മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് അയ്യർ സ്വന്തമാക്കി.

2016 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലാണ് തുടർച്ചയായി മൂന്ന് മത്സരങ്ങളിലും കോഹ്ലി ഫിഫ്റ്റി നേടിയത്. ശ്രേയസ് അയ്യരെയും കോഹ്ലിയെയും കൂടാതെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ നിക്കോളസ് പൂറൻ, ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ, ന്യൂസിലൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 204 റൺസ് അയ്യർ നേടി. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് അയ്യർ സ്വന്തമാക്കി. 2016 ൽ ഓസ്ട്രേലിയക്കെതിരെ 199 റൺസ് നേടിയ വിരാട് കോഹ്ലിയെയാണ് അയ്യർ പിന്നിലാക്കിയത്.