രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 214 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. സീസണിലെ കേരളത്തിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

അവസാന ദിനത്തിൽ 41 ഓവറിൽ വിജയിക്കാൻ 214 റൺസ് വേണമെന്നിരിക്കെ 87 പന്തിൽ 12 ഫോറും മൂന്ന് സിക്സുമടക്കം 106 റൺസ് നേടിയ രോഹൻ കുന്നുമ്മലും 76 പന്തിൽ 62 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് കേരളത്തിന് ആവേശവിജയം സമ്മാനിച്ചത്. നേരത്തേ ആദ്യ ഇന്നിങ്സിലും രോഹൻ സെഞ്ചുറി നേടിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 51 റൺസിൻ്റെ ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് 264 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 81 റൺസ് നേടിയ കരൺ പട്ടേലും 70 റൺസ് നേടിയ ഉമങ് കുമാറും മാത്രമാണ് ഗുജറാത്തിന് വേണ്ടി തിളങ്ങിയത്. കേരളത്തിന് വേണ്ടി ജലജ് സക്സേന 57 റൺസ് വഴങ്ങി നാല് വിക്കറ്റും, സിജോമോൻ 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ബേസിൽ തമ്പി രണ്ട് വിക്കറ്റും എം നിധീഷ് ഒരു വിക്കറ്റും നേടി.

സീസണിലെ കേരളത്തിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. നേരത്തേ ആദ്യ മത്സരത്തിൽ മേഘാലയയെ ഒരു ഇന്നിങ്സിനും 166 റൺസിനും കേരളം പരാജയപെടുത്തിയിരുന്നു.
ആദ്യ ഇന്നിങ്സിൽ 388 റൺസ് നേടിയ ഗുജറാത്തിനെതിരെ മറുപടി ബാറ്റിങിൽ 129 റൺസ് നേടിയ രോഹൻ കുന്നുമ്മൽ, 143 പന്തിൽ 113 റൺസ് നേടിയ വിഷ്ണു വിനോദ് എന്നിവരുടെ മികവിലാണ് 439 റൺസ് നേടി 51 റൺസിൻ്റെ ലീഡ് കേരളം സ്വന്തമാക്കിയത്. മാർച്ച് മൂന്നിന് മധ്യപ്രദേശിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.
