Skip to content

നന്ദി പറയേണ്ടത് അവനോടാണ്, ഈ ബാറ്റിങ് പൊസിഷൻ ഞാനേറെ ആസ്വദിക്കുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് നന്ദിപറഞ്ഞ് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ 18 പന്തിൽ പുറത്താകാതെ 45 റൺസ് നേടി മികച്ച പ്രകടമാണ് ജഡേജ കാഴ്ച്ചവെച്ചത്. വെങ്കടേഷ് അയ്യർക്കും ദീപക് ഹൂഡയ്ക്കും മുൻപേ അഞ്ചാമനായാണ് ജഡേജ ക്രീസിലെത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് മുൻപേ നാലാമനായാണ് ജഡേജ ബാറ്റിങിനിറങ്ങിയത്. ഇതിനുമുൻപ് 2009 ലാണ് അന്താരാഷ്ട്ര ടി20 യിൽ ജഡേജ മധ്യനിരയിൽ ബാറ്റിങിനിറങ്ങിയത്. 2009 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നാലാമനായി ഇറങ്ങിയ ജഡേജ 35 പന്തിൽ 25 റൺസ് മാത്രം നേടിയാണ് പുറത്തായത്. മത്സരത്തിൽ ഇന്ത്യ 3 റൺസിന് പരാജയപ്പെടുകയും ജഡേജയുടെ പ്രമോട്ട് ചെയ്ത ധോണിയുടെ തീരുമാനം വിമർശങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഈ അനുഭവം മുന്നിൽനിൽക്കെയാണ് ജഡേജയെ പ്രമോട്ട് ചെയ്യാനുള്ള ധൈര്യം രോഹിത് ശർമ്മ കാണിച്ചത്. രണ്ടാം മത്സരത്തിൽ തന്നെ രോഹിത് ശർമ്മയുടെ ഈ തീരുമാനം വിജയം കാണുകയും ചെയ്തു.

” അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് ഞാനേറെ ആസ്വദിക്കുന്നു. ഈ പൊസിഷനിൽ അൽപ്പം സമയമെടുക്കാനും പിന്നീട് ആവശ്യാനുസരണം ഇന്നിങ്സിന് വേഗത കൂട്ടുകയും ചെയ്യാം. “

” രോഹിത് ശർമ്മയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ആ പൊസിഷനിൽ പോയി എനിക്ക് റൺസ് നേടാൻ സാധിക്കുമെന്ന് അവൻ വിശ്വസിച്ചിരുന്നു. ഭാവിയിൽ അവസരം ലഭിക്കുമ്പോഴെല്ലാം ടീമിന് വേണ്ടി മികച്ച പ്രകടനം ഞാൻ പുറത്തെടുക്കാൻ ശ്രമിക്കും, സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനും ഞാൻ ശ്രമിക്കും ” രവീന്ദ്ര ജഡേജ പറഞ്ഞു.

അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ഏറ്റവും ഉയർന്ന സ്കോറാണ് ജഡേജ നേടിയത്. 18 പന്തിൽ പുറത്താകാതെ 7 ഫോറും ഒരു സിക്സുമടക്കം 45 റൺസ് ജഡേജ നേടിയിരുന്നു. ജഡേജയുടെ തകർപ്പൻ പ്രകടനം ലോകകപ്പിനെത്തുമ്പോൾ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐ പി എല്ലിലും തകർപ്പൻ ബാറ്റിങ് പ്രകടമാണ് കഴിഞ്ഞ സീസണുകളിൽ ജഡേജ പുറത്തെടുത്തത്.