Skip to content

വില്യംസണും മോർഗനും ഇനി പിന്നിൽ, തകർപ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിലെ ഏഴ് വിക്കറ്റിൻ്റെ വിജയത്തോടെ തകർപ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം വെറും 17.1 ഓവറിൽ മറികടന്നാണ് ഇന്ത്യ 7 വിക്കറ്റിൻ്റെ വിജയം നേടിയത്. 44 പന്തിൽ 74 റൺസ് നേടിയ ശ്രേയസ് അയ്യർ, 18 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജ, 25 പന്തിൽ 39 റൺസ് നേടിയ സഞ്ജു സാംസൺ എന്നിവരുടെ മികവിലാണ് അനായാസ വിജയം ഇന്ത്യ സ്വന്തമാക്കിയത്. വിജയത്തോടെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

മത്സരത്തിലെ വിജയത്തോടെ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. ഹോമിൽ രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ വിജയിക്കുന്ന പതിനാറാമത്തെ ടി20 മത്സരമാണിത്. സ്വന്തം രാജ്യത്ത് 15 വിജയങ്ങൾ വീതം നേടിയിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്. 14 വിജയം നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, 13 വിജയം നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരെ നേരത്തേ തന്നെ രോഹിത് ശർമ്മ പിന്നിലാക്കിയിരുന്നു.

ഹോമിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്. ഇതുവരെ 27 ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ഹിറ്റ്മാൻ 23 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിച്ചു. മൂന്ന് ടി20 മത്സരങ്ങളിൽ മാത്രമാണ് രോഹിത് ശർമ്മയുടെ കീഴിൽ ഇന്ത്യ പരാജയപെട്ടിട്ടുള്ളത്.