Skip to content

ഇതെൻ്റെ കരിയറിലെ സ്പെഷ്യൽ ഡേ, ഒടുവിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസൺ

തകർപ്പൻ പ്രകടമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ കേരള താരം സഞ്ജു സാംസൺ പുറത്തെടുത്തത്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 39 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചതിൻ്റെ സന്തോഷം മത്സരശേഷം സഞ്ജു പങ്കുവെച്ചു.

( Picture Source : BCCI )

മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 17.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 44 പന്തിൽ 74 റൺസ് നേടിയ ശ്രേയസ് അയ്യർക്കൊപ്പം 25 പന്തിൽ 39 റൺസ് നേടിയ സഞ്ജുവിൻ്റെയും 18 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടമാണ് ഇന്ത്യയ്ക്ക് അനായാസവിജയം സമ്മാനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു മത്സരത്തിൽ നേടിയത്. മൂന്ന് തകർപ്പൻ സിക്സും സഞ്ജുവിൻ്റെ ബാറ്റിൽ നിന്നും പിറന്നു.

( Picture Source : BCCI )

” നല്ല വിക്കറ്റായിരുന്നു മത്സരത്തിലേത്, ഔട്ട് ഫീൽഡും വേഗതയേറിയതായിരുന്നു. അതുകൊണ്ട് തന്നെ വിജയലക്ഷ്യം അനായാസം മറികടക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഈ ഗ്രൗണ്ടിൽ ഒരോവറിൽ 10 റൺസ് നേടുവാൻ സാധിക്കും. “

” ശ്രേയസ് അയ്യർക്കൊപ്പമുള്ള കൂട്ടുകെട്ട് താളം കണ്ടെത്താൻ എനിക്ക് കൂടുതൽ സമയം നൽകി. ആരാണ് നന്നായി കളിക്കുന്നതെന്നും ആർക്കാണ് സമയം വേണ്ടതെന്നും മനസ്സിലാക്കാൻ മതിയായ ക്രിക്കറ്റ് ഞങ്ങൾ കളിച്ചിട്ടുണ്ട്. ആദ്യ 10-12 പന്തുകളിൽ താളം കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. ഞാൻ ഒരു മത്സരം കളിച്ചിട്ട് വളരെയേറെ നാളുകളായി, അതുകൊണ്ടാണ് ഞാൻ കുറച്ചധികം സമയമെടുത്തത്. ഒരു ബൗണ്ടറി നേടിയ ശേഷം താളം കണ്ടെത്തിയതായി എനിക്ക് തോന്നി. ” സഞ്ജു പറഞ്ഞു.

( Picture Source : BCCI )

” എതിർ ടീമിൻ്റെ പ്രകടനം കണക്കിലെടുക്കാതെ നിലവാരം സഞ്ജീകരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി മികച്ച നിലവാരം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ലക്നൗവിലെ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഇവിടെ ചെറിയ ഗ്രൗണ്ടാണ്, സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഏതുസാഹചര്യങ്ങളോട് പൊരുത്തപെടാനും ചെയ്യേണ്ടതെല്ലാം ചെയ്യാനുമുള്ള എക്സ്പീരിയൻസ് ടീമിനുണ്ട്. ”

( Picture Source : BCCI )

” ഇതെനിക്ക് സ്പെഷ്യൽ ഡേയാണ്. ഏഴ് വർഷങ്ങൾക്ക് മുൻപാണ് ഞാനെൻ്റെ അരങ്ങേറ്റം കുറിച്ചത്. ഒടുവിൽ ടീമിൻ്റെ വിജയത്തിൽ ക്രിയാത്മകമായി പങ്കുവഹിക്കാൻ സാധിച്ചതും രാജ്യത്തിന് വേണ്ടി കളിക്കാൻ സാധിക്കുന്നതും എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ” സഞ്ജു കൂട്ടിച്ചേർത്തു.

( Picture Source : BCCI )