Skip to content

ബുംറയ്ക്കെതിരെ ശ്രീലങ്കൻ താരം കളിച്ച ഷോട്ട് കണ്ട് വാ പൊളിച്ച് രോഹിത് – വീഡിയോ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയ്ക്ക്  മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 183 റൺസ് ശ്രീലങ്ക നേടി. ഓപ്പണർ നിസ്സങ്കയുടെയും ഗുണതിലകയുടെയും ക്യാപ്റ്റൻ ഷനകയുടെയും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ആദ്യ വിക്കറ്റിൽ നിസ്സങ്കയും ഗുണതിലകയും ചേർന്ന് 67 റൺസ് നേടി ശ്രീലങ്കൻ ഇന്നിംഗ്സിന് അടിത്തറ പാകി. എന്നാൽ ഗുണതിലക പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ അസലങ്കയും (2), മിഷറയും (1), ചണ്ഡിമലും (9) പെട്ടെന്ന് പുറത്തായത് ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കി. ഇതിനിടയിൽ ഒരുവശത്ത് നിസ്സങ്ക ശ്രീലങ്കയുടെ സ്‌കോർ ഉയർത്തുകയായിരുന്നു.

ക്യാപ്റ്റൻ ഷനക ക്രീസിൽ എത്തിയതിന് പിന്നാലെ ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തുന്ന കാഴ്ച്ചയാണ് കണ്ടത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 58 റൺസ് അടിച്ചു കൂട്ടി. 53 പന്തിൽ 75 റൺസ് നേടി പുറത്തായതോടെ ആ കൂട്ടുകെട്ടിന് അവസാനമായി. 19 പന്തിൽ 47 റൺസ് നേടിയ ഷനകയാണ് ശ്രീലങ്കൻ സ്‌കോർ 180 കടത്തിയത്.

അവസാന 4 ഓവറിൽ 72 റൺസാണ് നേടിയത്. 18ആം ഓവർ എറിയാനെത്തിയ ബുംറയ്ക്കെതിരെ 14 റൺസും, തൊട്ടടുത്ത ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറിനെതിരെ 16 റൺസ് നേടിയിരുന്നു. 18ആം ഓവറിൽ ബുംറയ്ക്കെതിരെ നിസ്സങ്ക കളിച്ച ഷോട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിതിനെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതിവേഗത്തിൽ വന്ന ബുംറയുടെ പന്ത് ദിശ മാറ്റി വിട്ടാണ് സമർത്ഥമായി നിസ്സങ്ക ബൗണ്ടറി നേടിയത്. ബൗണ്ടറി കണ്ട് രോഹിത് വാ പൊളിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്ത്യയ്ക്കായി  ബുംറ നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. യുസ്‌വേന്ദ്ര ചഹൽ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. അതേസമയം   ഹർഷൽ പട്ടേൽ 4 ഓവറിൽ 52 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി