Skip to content

പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

ഓസ്ട്രേലിയയുടെ ചരിത്ര പര്യടനത്തിന് വൻ സുരക്ഷയുമായി പാക് ക്രിക്കറ്റ് ബോർഡ്. 1998 ന് ശേഷമുളള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് പഴുതുകൾ അടച്ചുകൊണ്ടുള്ള സുരക്ഷയാണ് പാകിസ്ഥാൻ ഒരുക്കുന്നത്. നേരത്തേ മത്സരം ആരംഭിക്കാൻ നിമിഷങ്ങൾക്ക് മുൻപ് പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ന്യൂസിലൻഡ് പിന്മാറിയ സംഭവം ലോകത്തിന് മുൻപിൽ പാകിസ്ഥാന് വലിയ നാണക്കേടാണ് സമ്മാനിച്ചത്. അതിനുപിന്നാലെ ഇംഗ്ലണ്ട് തങ്ങളുടെ പാകിസ്ഥാൻ പര്യടനം മാറ്റിവെച്ചിരുന്നു. ഇപ്പോൾ നീണ്ട 24 വർഷങ്ങൾക്ക് ശേഷം ടീം പാകിസ്ഥാനിലെത്തുന്ന ഓസ്ട്രേലിയൻ ടീമിനായി വലിയ സുരക്ഷാ സംവിധാനമാണ് പാകിസ്ഥാൻ ഒരുക്കിയിട്ടുള്ളത്.

( Picture Source : Twitter )

പ്രമുഖ പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്ത പ്രകാരം പാകിസ്ഥാൻ ആർമിക്കൊപ്പം 4000 പോലീസുക്കാരെ സുരക്ഷയ്ക്കായി പാകിസ്താൻ വിന്യസിക്കും. കൂടാതെ കെട്ടിടങ്ങളിൽ സ്നൈപ്പറുകളും വിന്യസിക്കും. പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഫുഡ് സ്ട്രീറ്റ്, പാർക്ക്, ഡബിൾ റോഡ് തുടങ്ങിയവ അടച്ചിടും. ടീമുകൾ ട്രാവൽ ചെയ്യുമ്പോൾ മൊബൈൽ സർവീസ് സസ്പെൻഡ് ചെയ്യും മെട്രോ സർവീസും ആ സമയം ഉണ്ടായേക്കില്ല.

പാകിസ്ഥാനിലെത്തുന്ന ടീമുകളുടെ സുരക്ഷയ്ക്കായി വൻ തുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഹിക്കുന്നത്. നേരത്തേ ന്യൂസിലൻഡ് ടീമിൻ്റെ സുരക്ഷയ്ക്കിടെ ബിരിയാണി കഴിച്ചതിൻ്റെ 27 ലക്ഷം രൂപ വരുന്ന ബിൽ ആർമി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

( Picture Source : Twitter )

ഫെബ്രുവരി 27 നാണ് ഓസ്ട്രേലിയക്ക് ടീം പാകിസ്ഥാനിലെത്തുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവുമാണ് പര്യടനത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മാർച്ച് നാലിന് റാവൽപിണ്ടിയിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്.

( Picture Source : Twitter )