Skip to content

അദ്ദേഹത്തെ കണ്ടുമുട്ടിയത് സ്വപ്ന സാക്ഷാത്കാരമായിരുന്നു, എം എസ് ധോണിയെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹനാസ് ദഹാനി

ഐസിസി ടി20 ലോകകപ്പിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ കണ്ടുമുട്ടിയത് തൻ്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് പാകിസ്ഥാൻ പേസർ ഷഹ്നവാസ് ദഹാനി. ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിൻ്റെ ഭാഗമായിരുന്ന എം എസ് ധോണിയെ കണ്ടുമുട്ടാനും സംസാരിക്കാനും പാകിസ്ഥാൻ യുവതാരത്തിന് അവസരം ലഭിച്ചത്. മത്സരശേഷം എം എസ് ധോണിയ്ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.

പ്രമുഖ പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം എസ് ധോണിയെ കണ്ടുമുട്ടിയതിനെ കുറിച്ച് ഈ പാക് താരം മനസ്സുതുറന്നത്. അന്ന് ധോണി പറഞ്ഞ വാക്കുകൾ തനിക്ക് ഏറെ പ്രയോജനപെട്ടുവെന്നും താരം പറഞ്ഞു.

“മഹേന്ദ്ര സിങ് ധോണിയുടെ ലെവൽ വിശദീകരിക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടിവരും. അദ്ദേഹത്തെ കണ്ടുമുട്ടിയത് എൻ്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. ആ നിമിഷം എനിക്ക് മറക്കാൻ സാധിക്കില്ല. അദ്ദേഹം അന്നെന്നോട് പറഞ്ഞ വാക്കുകൾ ഏറെ പ്രയോജനപ്പെട്ടു. ജീവിതത്തെ പറ്റിയും, എങ്ങനെ ജീവിക്കാമെന്നും മുതിർന്നവരെ ബഹുമാനിക്കുന്നതിനെ കുറിച്ചും അദ്ദേഹം എന്നോട് പറഞ്ഞു. ”

” ക്രിക്കറ്റിൽ നല്ലതും മോശവുമായ ദിവസങ്ങളുണ്ടാകും. എന്തുതന്നെയായാലും അത് നിങ്ങൾ സ്വീകരിക്കണമെന്നും നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെടുന്ന ഗെയിമിനായി അർപ്പണ ബോധത്തോടെ നിലകൊള്ളണം അദ്ദേഹം എന്നോട് പറഞ്ഞു. ” ദഹാനി കൂട്ടിച്ചേർത്തു.

ബൗളിങിൽ തൻ്റെ റോൾ മോഡൽ മുൻ ന്യൂസിലാൻഡ് പേസർ ഷെയ്ൻ ബോണ്ട് ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഫോളോ ചെയ്യുന്നത് ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറുടെ പാതയാണെന്നും താരം പറഞ്ഞു.