Skip to content

ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. വെസ്റ്റിഡീൻസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇഷാൻ കിഷൻ തകർപ്പൻ ഫിഫ്റ്റിയാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. ശ്രീലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ച ഇഷാൻ കിഷൻ 10 ഫോറും മൂന്ന് സിക്സും അടിച്ചുകൂട്ടി.

( Picture Source : BCCI )

30 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 56 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 89 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഇഷാൻ കിഷൻ സ്വന്തമാക്കി.

( Picture Source : BCCI )

2019 ൽ വെസ്റ്റിൻഡീസിനെതിരെ 65 റൺസ് നേടിയ റിഷഭ് പന്തിൻ്റെ റെക്കോർഡാണ് ഇഷാൻ കിഷൻ തകർത്തത്. 2020 ൽ ന്യൂസിലൻഡിനെതിരെ കെ എൽ രാഹുലാണ് ഈ നേട്ടത്തിൽ ഇഷാൻ കിഷനും പന്തിനും പുറകിലുള്ളത്.

( Picture Source : BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷനൊപ്പം അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും മികവിലാണ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയത്. തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 111 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 32 പന്തിൽ 44 റൺസ് നേടി പുറത്തായപ്പോൾ പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യർ 28 പന്തിൽ 5 ഫോറും രണ്ട് സിക്സുമടക്കം 57 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : BCCI )

ഇന്ത്യ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. ഫിഫ്റ്റി നേടിയ അസലങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ചഹാലും ജഡേജയും ഓരോ വിക്കറ്റ് വീതവും നേടി. 

( Picture Source : BCCI )