Skip to content

ഇനി ഹിറ്റ്മാൻ ഒന്നാമൻ, റൺവേട്ടയിൽ വിരാട് കോഹ്ലിയെയും മാർട്ടിൻ ഗപ്റ്റിലിനെയും പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 32 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം 44 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്.

മത്സരത്തിൽ 37 റൺസ് പിന്നിട്ടതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറിയത്. ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരെ പിന്നിലാക്കിയാണ് അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മ തലപത്തെത്തിയത്.

മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ടി20 യിൽ 115 ഇന്നിങ്സിൽ നിന്നും 33.07 ശരാശരിയിൽ 3307 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മാർട്ടിൻ ഗപ്റ്റിൽ 108 ഇന്നിങ്സിൽ നിന്നും 32.66 ശരാശരിയിൽ 3299 റൺസ് നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയാകട്ടെ 89 ഇന്നിങ്സിൽ നിന്നും 51.50 ശരാശരിയിൽ 3296 റൺസ് നേടിയിട്ടുണ്ട്.

മത്സരത്തിൽ 62 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. ഫിഫ്റ്റി നേടിയ അസലങ്ക മാത്രമാണ് ശ്രീലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ചഹാലും ജഡേജയും ഓരോ വിക്കറ്റ് വീതവും നേടി. 


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 പന്തിൽ 89 റൺസ് നേടിയ ഇഷാൻ കിഷൻ, 28 പന്തിൽ 57 റൺസ് നേടിയ ശ്രേയസ് അയ്യർ, 32 പന്തിൽ 44 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഇഷാൻ കിഷനാണ് പ്ലേയർ ഓഫ് ദി മാച്ച്.