Skip to content

ആ ജോലി നിർവഹിക്കാൻ എനിക്ക് സന്തോഷമെയുള്ളൂ, ഭാവി ഇന്ത്യൻ ക്യാപ്റ്റനെ വളർത്തിയെടുക്കുന്നതിനെ കുറിച്ച് തൻ്റെ അഭിപ്രായം വ്യക്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റനെ തൻ്റെ കീഴിൽ വളർത്തിയെടുക്കുന്നതിൽ താൻ വളരെയേറെ സന്തോഷവാനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിത് ശർമ്മയ്ക്ക് കീഴിൽ പുതിയ നായകന്മാരെ വളർത്തിയെടുക്കുമെന്ന് ശ്രീലങ്കയ്ക്കെതിരായ ടീമിനെ പ്രഖ്യാപിക്കുന്ന വേളയിൽ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ വ്യക്തമാക്കിയിരുന്നു.

കെ എൽ രാഹുൽ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെയാണ് ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റന്മാരായി ഇന്ത്യ കാണുന്നത്. കഴിഞ്ഞ മൂന്ന് പരമ്പരയിൽ നേതൃത്വനിരയിൽ മൂവരെയും ഇന്ത്യ പരീക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കെ എൽ രാഹുൽ ക്യാപ്റ്റനും ബുംറ വൈസ് ക്യാപ്റ്റനുമായപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ശ്രീലങ്കയ്ക്കെതിരെ മാ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ബുംറയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവുക.

” എല്ലാ കാര്യങ്ങളും ഒന്നും വിടാതെ അവരോട് പറഞ്ഞുകൊടുക്കേണ്ടതില്ല. കാരണം അവരെല്ലാം വേണ്ടത്ര പക്വതയുള്ളവരാണ്. ചില ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ അവരെ നയിക്കാൻ ഒരാൾ ആവശ്യമാണ്. ആ ജോലി ചെയ്യാൻ ഞാൻ വളരെയേറെ സന്തോഷവാനാണ്. ”

” ഈ ഘട്ടങ്ങളിലൂടെയാണ് ഞങ്ങളും കടന്നുവന്നത്, ഞങ്ങളെയും മറ്റാരോ വളർത്തിയെടുത്തതാണ്. ഇതൊരു സ്വാഭാവികമായ പ്രക്രിയയാണ്, എല്ലാവരും അതിലൂടെ കടന്നുപോകേണ്ടതുണ്ട്. ബുംറ, രാഹുൽ, പന്ത് എന്നിവരെ കുറിച്ച് പറയുകയാണെങ്കിൽ ഇന്ത്യയുടെ വിജയത്തിൽ അവർക്ക് വലിയ പങ്കുണ്ട്. അവരെ ഭാവി നായകന്മാരായും നമ്മൾ കാണുന്നു. അവരുടെ ചുമലിൽ ഉത്തരവാദിത്വമുണ്ടെന്ന് അവർക്കറിയാം. അവർ ടീമിലെ നിർണായക ഘടകമാണ്. അതുകൊണ്ട് തന്നെ അവരിൽ അമിതമായ സമ്മർദം ചെലുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർ അവരുടെ കളി ആസ്വദിക്കുകയും ഒപ്പം ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുമെന്ന് മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ” രോഹിത് ശർമ്മ പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായുള്ള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയാണ് മാർച്ചിൽ ശ്രീലങ്കയ്ക്കെതിരെ ആരംഭിക്കുന്നത്. ഫുൾ ടൈം ക്യാപ്റ്റനായ ശേഷമുളള ആദ്യ രണ്ട് പരമ്പരകളിലും സമ്പൂർണവിജയമാണ് ഹിറ്റ്മാന് കീഴിൽ ഇന്ത്യ നേടിയത്.