ഉള്ളിൻ്റെയുള്ളിൽ ഞാൻ ഹാപ്പിയായിരുന്നു, കാരണം അവൻ ഡൽഹിയ്ക്ക് വേണ്ടിയാണ് കളിക്കാൻ പോവുന്നത്, ഇന്ത്യയെ വിറപ്പിച്ച റോവ്മാൻ പോവലിനെ കുറിച്ച് റിഷഭ് പന്ത്
തകർപ്പൻ പ്രകടമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 യിൽ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പോവൽ കാഴ്ച്ചവെച്ചത്. 36 പന്തിൽ 4 ഫോഴറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 68 റൺസ് പോവൽ നേടിയിരുന്നു. മത്സരത്തിൽ തകർപ്പൻ പ്രകടനം പോ പുറത്തെടുക്കുമ്പോഴും ഉള്ളിൽ താൻ ഹാപ്പിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറും ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനുമായ റിഷഭ് പന്ത്.

2.80 കോടിയ്ക്കാണ് മെഗാ താരലേലത്തിൽ ഈ വെസ്റ്റിൻഡീസ് താരത്തെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ അവസാന ഓവർ വരെ വെസ്റ്റിൻഡീസിന് വിജയപ്രതീക്ഷ നൽകുവൻ താരത്തിന് സാധിച്ചിരുന്നു. അവസാന 4 പന്തിൽ 23 റൺസ് വേണമെന്നിരിക്കെ ഹർഷൽ പട്ടേലിനെതിരെ 2 സിക്സ് പറത്തികൊണ്ട് പോവെൽ ഏവരെയും ഞെട്ടിച്ചിരുന്നു.

മത്സരത്തിൽ 28 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ റിഷഭ് പന്തായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് നേടിയത്. അവാർഡ് സ്വീകരിച്ച ശേഷമായിരുന്നു പോവലിൻ്റെ പ്രകടനത്തെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ പ്രതികരിച്ചത് .
” ബുള്ളറ്റുകൾ പോലെയാണ് അവൻ ( പോവെൽ ) ഷോട്ടുകൾ പായിച്ചുകൊണ്ടിരുന്നത്. ഉള്ളിൻ്റെയുള്ളിൽ ഞാൻ ഹാപ്പിയായിരുന്നു, കാരണം അവൻ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് കളിക്കാൻ പോകുന്നത്. എന്നാൽ എന്തുതന്നെയായാലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ എല്ലാ മത്സരവും വിജയിക്കണം. ” മത്സരശേഷം റിഷഭ് പന്ത് പറഞ്ഞു.

” ടീം ആവശ്യപെടുന്നിടത്തോളം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്. ബോളിനനുസരിച്ച് കളിക്കാൻ മാത്രമാണ് ഞാനും വെങ്കടേഷ് അയ്യരും തമ്മിൽ സംസാരിച്ച ഒരേയൊരു കാര്യം. എല്ലാ മത്സരങ്ങളും കളിക്കുകയെന്നത് എളുപ്പമല്ല. പക്ഷേ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ കാലം മുതൽ ഞാൻ ആഗ്രഹിച്ചത് ഇതാണ്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് ഞാനേറെ ആസ്വദിക്കുന്നു. ” റിഷഭ് പന്ത് പറഞ്ഞു.
