Skip to content

നിരാശ ഒരേയൊരു കാര്യത്തിൽ മാത്രം, രണ്ടാം ടി20 യിലെ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

വിൻഡീസിനെതിരായ രണ്ടാം ടി20 യിൽ ആവേശവിജയം നേടി പരമ്പര സ്വന്തമാക്കിയെങ്കിലും ഫീൽഡിനിങിൻ്റെ കാര്യത്തിൽ ടീമിൻ്റെ പ്രകടനം തന്നെ നിരാശപെടുത്തിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിനിടെ ഭുവനേശ്വർ കുമാർ ക്യാച്ച് വിട്ടുകളഞ്ഞതിന് പുറകെ പന്ത് തട്ടിതെറിപ്പിച്ചുകൊണ്ട് രോഹിത് ശർമ്മ തൻ്റെ അമർഷം പ്രകടിപ്പിച്ചിരുന്നു.

( Picture Source : BCCI )

ഫീൽഡിങിൻ്റെ കാര്യത്തിൽ നിരാശപങ്കുവെച്ചുവെങ്കിലും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച വിരാട് കോഹ്ലി, ഭുവനേശ്വർ കുമാർ, യുവതാരങ്ങളായ റിഷഭ് പന്ത്, വെങ്കടേഷ് അയ്യർ എന്നിവരെ പ്രശംസിക്കാൻ രോഹിത് ശർമ്മ മറന്നില്ല. വിരാട് കോഹ്ലി 52 റൺസ് നേടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ചപ്പോൾ അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ച്ചവെച്ചുകൊണ്ട് ഭുവനേശ്വർ കുമാർ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയിരുന്നു.

( Picture Source : BCCI )

” ഇവർക്കെതിരെ (വെസ്റ്റിൻഡീസ്) കളിക്കുമ്പോൾ എപ്പോഴും ഉള്ളിൽ പേടിയുണ്ടാകും. മത്സരം കൂടുതൽ കടുപ്പമേറിയതാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ നന്നായി തയ്യാറെടുത്തിരുന്നു. സമ്മർദ്ദത്തിലും പദ്ധതികൾ അതേപടി നടപ്പിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ”

( Picture Source : BCCI )

” എക്സ്പീരിയൻ വളരെ നിർണായകമാണ്, ഭുവി നന്നായി പന്തെറിഞ്ഞു. അവൻ്റെ കഴിവിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. കോഹ്ലിയുടെ ഇന്നിങ്സും പ്രധാനപെട്ടതായിരുന്നു. മികച്ച തുടക്കമല്ല ഞങ്ങൾക്ക് ലഭിച്ചത്, പിന്നീട് അവൻ മികച്ച ഷോട്ടുകൾ പായിച്ചുകൊണ്ട് എന്നിൽ നിന്നും സമ്മർദ്ദമകറ്റി. പന്തും അയ്യരും നന്നായി ഫിനിഷ് ചെയ്തു. വെങ്കടേഷ് അയ്യരുടെ വളർച്ചയിൽ സന്തോഷമുണ്ട്. അവൻ അവൻ്റെ കഴിവുകളെ പിന്തുണയ്ക്കുന്നു, അതാണ് ഏതൊരു ക്യാപ്റ്റനും വേണ്ടത്, അവസാന ഘട്ടത്തിൽ ഒരോവർ എറിയാനും അവൻ തയ്യാറായിരുന്നു. അതാണ് വേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കരുത്. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )

” സത്യസന്ധമായി പറഞ്ഞാൽ ഫീൽഡിങിൽ ഞങ്ങൾ അലസതകാണിച്ചു. മികച്ച ഫീൽഡിങ് ടീമാകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, അതുകൊണ്ട് തന്നെ ഈ പ്രകടനത്തിൽ നിരാശയുണ്ട്. ആ ക്യാച്ചുകൾ എടുത്തിരുന്നെങ്കിൽ കളി മറ്റൊന്നാകുമായിരുന്നു. ഇതെല്ലാം സംഭവിക്കാവുന്നതാണ്. മുന്നോട്ട് പോകുമ്പോൾ ഈ തെറ്റുകൾ കുറയ്ക്കാനും ആവർത്തിക്കാതിരിക്കാനും ശ്രമിക്കും. ” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )