ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

രഞ്ജി ട്രോഫി 2022 ലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തി മുൻ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. മുംബൈയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടിയാണ് രഹാനെ സെഞ്ചുറി നേടിയത്. മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുന്നതിൻ്റെ വക്കിലെത്തി നിൽക്കുന്ന രഹാനെയ്ക്ക് ഈ സെഞ്ചുറി പുതിയ ഊർജമേകും.

ബാറ്റിങ് തിരഞ്ഞെടുത്ത് 22 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ട ശേഷമാണ് മുംബൈയ്ക്ക് വേണ്ടി രഹാനെ ക്രീസിൽ എത്തിയത്. 44 റൺസ് എടുക്കുന്നതിനിടെ മൂന്നാം വിക്കറ്റും നഷ്ടപെട്ട ക്രീസിലെത്തിയ സർഫറാസ് ഖാനൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 219 റൺസ് രഹാനെ കൂട്ടിച്ചേർത്തു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടിയിട്ടുണ്ട്. 250 പന്തിൽ 108 റൺസ് നേടിയ രഹാനെയ്ക്കൊപ്പം 219 പന്തിൽ 121 റൺസ് നേടിയ സർഫറാസ് ഖാനാണ് ക്രീസിലുള്ളത്.

ഓസ്ട്രേലിയൻ പര്യടനത്തിൽ മെൽബണിൽ  നേടിയ സെഞ്ചുറിയ്ക്ക് ശേഷം പിന്നീട് രണ്ട് ഫിഫ്റ്റി നേടാൻ മാത്രമേ അജിങ്ക്യ രഹാനെയ്ക്ക് സാധിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപായി ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻസി സ്ഥനത്തുനിന്നും താരത്തെ ബിസിസിഐ മാറ്റിയിരുന്നു. രഹാനെയ്ക്കൊപ്പം മോശം ഫോമിൽ തുടരുന്ന ചേതേശ്വർ പുജാരയും രഞ്ജി ട്രോഫിയിൽ കളിക്കുന്നുണ്ട്. ജയദേവ് ഉനാഡ്കട് നയിക്കുന്ന സൗരാഷ്ട്രയ്ക്ക് വേണ്ടിയാണ് പുജാര രഞ്ജി ട്രോഫിയിൽ കളിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരെ മാർച്ചിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രഞ്ജി ട്രോഫിയിലെ ഫോം കണക്കിലെടുത്താകും ഇരുവരേയും ബിസിസിഐ പരിഗണിക്കുക. രോഹിത് ശർമ്മയുടെ ഇന്ത്യൻ ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചേക്കും.