Skip to content

ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐ പി എല്ലിൻ്റെ ഭാഗമാവുകയെന്നത് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങളിൽ ഒന്നുകൂടിയാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും കരിയറിൽ തന്നെ വൻ സ്വാധീനം ചെലുത്തുവാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് സാധിച്ചിട്ടുണ്ട്. പതിനഞ്ചാം സീസണ് മുൻപായി. നടന്ന മെഗാ താരലേലം സമാപിച്ചതിന് പുറകെ വമ്പൻ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ.

ഐ പി എൽ ലേലത്തിൽ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയുണ്ടായിരുന്നുവെങ്കിൽ അവന് 200 കോടി വരെ ലഭിച്ചേനെയെന്നായിരുന്നു പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ്റെ അവകാശവാദം. ഇതിനുപുറകെ ട്വിറ്ററിൽ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ് ഈ മാധ്യമപ്രവർത്തകൻ.

ഐ പി എല്ലിലും മാത്യൂ വേഡ് ഉണ്ടാകുമെന്ന കാര്യം മറക്കരുതെന്ന് ചില ആരാധകർ കുറിച്ചപ്പോൾ ഐ പി എല്ലിൽ കളിക്കാരെ മാത്രമാണ് വാങ്ങുന്നതെന്നും അവർ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ വാങ്ങുന്നില്ലയെന്നും ചില ആരാധകർ കുറിച്ചു.

ഐ പി എൽ ആദ്യ സീസണിൽ ഷാഹിദ് അഫ്രീദി, അക്തർ, മാലിക്ക് അടക്കമുള്ള പാകിസ്ഥാൻ താരങ്ങൾ കളിച്ചിരുന്നുവെങ്കിലും അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും ബിസിസിഐ പാകിസ്ഥാൻ താരങ്ങളെ വിലക്കുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടമാണ് ഷഹീൻ അഫ്രീദി കാഴ്ച്ച വെയ്ക്കുന്നത്. കഴിഞ്ഞ വർഷത്തിൽ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം നേടിയിരുന്നു. ഈ അവാർഡ് നേടുന്ന ആദ്യ പാകിസ്ഥാൻ താരം കൂടിയാണ് ഷഹീൻ അഫ്രീദി.

ഐ പി എൽ മെഗാ താരലേലത്തിൽ ലോകത്തെമ്പാടും നിന്നുള്ള 600 കളിക്കാർ അന്തിമ ലിസ്റ്റിൽ ഇടംനേടിയിരുന്നു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനായിരുന്നു ലേലത്തിലെ ഏറ്റവും വിലയേറിയ താരം. 15.25 കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് താരത്തെ ടീമിൽ തിരിച്ചെത്തിയിക്കുകയായിരുന്നു.