കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ
ഐ പി എൽ മെഗാ താരലേലത്തിന് പുറകെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ശ്രേയസ് അയ്യരായിരിക്കും ഈ സീസൺ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം ടീം മാനേജ്മെൻ്റ് ആരാധകരുമായി പങ്കിട്ടത്.

മുൻ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന ശ്രേയസ് അയ്യരെ 12.25 കോടിയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെഗാ താരലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ പ്രവേശിച്ച ടീമിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായിരുന്ന ഓയിൻ മോർഗനായിരുന്നു നയിച്ചിരുന്നത്. ടീം ഫൈനലിൽ പ്രവേശിച്ചുവെങ്കിലും ബാറ്റിങിൽ മികവ് പുലർത്താൻ മോർഗന് സാധിച്ചിരുന്നില്ല.

2018 ൽ ഡൽഹി നായകനായി നിയമിക്കപ്പെട്ട അയ്യരിൻ്റെ കീഴിൽ 2019 ൽ പ്ലേയോഫിലും തൊട്ടടുത്ത സീസണിൽ ഫൈനലിലും ഡൽഹി ക്യാപിറ്റൽസ് പ്രവേശിച്ചിരുന്നു. ഐ പി എല്ലിൽ 87 മത്സരങ്ങളിൽ നിന്നും 31.66 ശരാശരിയിൽ 16 ഫിഫ്റ്റി ഉൾപ്പടെ 2375 റൺസ് ശ്രേയസ് അയ്യർ നേടിയിട്ടുണ്ട്.

ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ പാറ്റ് കമ്മിൻസായിരുന്നു കെ കെ ആർ ക്യാപ്റ്റനാകുവാൻ അയ്യർക്കൊപ്പം സാധ്യത കല്പിച്ചിരുന്ന താരം. 7.25 കോടിയ്ക്കാണ് കമ്മിൻസിനെ ലേലത്തിൽ കൊൽക്കത്ത സ്വന്തമാക്കിയത്. വെസ്റ്റിൻഡീസ് താരങ്ങളായ ആന്ദ്രെ റസ്സൽ, സുനിൽ നറെയ്ൻ, ഇന്ത്യൻ യുവതാരങ്ങളായ വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ എന്നിവരെയാണ് ലേലത്തിന് മുൻപായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയിരുന്നത്.

ഐ പി എൽ 2022 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം
ശ്രേയസ് അയ്യർ (c), ആന്ദ്രേ റസ്സൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ, സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, നിതീഷ് റാണ, ശിവം മാവി, ഷെൽഡൺ ജാക്സൺ, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുൽ റോയ്, റാസിഖ് ദാർ, ചാമിക കരുണരത്നെ, ബാബ ഇന്ദ്രജിത്ത്, ബാബ ഇന്ദ്രജിത്ത് , അഭിജിത് തോമർ, സാം ബില്ലിംഗ്സ്, അലക്സ് ഹെയ്ൽസ്, രമേഷ് കുമാർ, മുഹമ്മദ് നബി, അമൻ ഖാൻ, ഉമേഷ് യാദവ്.
