Skip to content

മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

ഇന്ത്യൻ വുമൺസ് ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ ചൊല്ലി വമ്പൻ വാക്കുതർക്കത്തിൽ ഏർപ്പെട്ട് ബ്രിട്ടീഷ് കമൻ്റേറ്ററും മാധ്യമപ്രവർത്തകയുമായ ഇസബെല്ല വെസ്റ്റ്ബറിയും ഇന്ത്യൻ ക്രിക്കറ്റർ വി ആർ വനിതയും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം മത്സരത്തിന് പുറകെ മിതാലി രാജിനെ ഇസബെല്ല വെസ്റ്റ്ബറി വിമർശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്.

( Picture Source : Twitter )

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരത്തിലും മിതാലി രാജ് ഫിഫ്റ്റി നേടിയെങ്കിലും രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപെട്ടിരുന്നു. ആദ്യ മത്സരത്തിൽ 73 പന്തിൽ 59 റൺസ് നേടിയ മിതാലി രാജ്, രണ്ടാം മത്സരത്തിൽ 81 പന്തിൽ 66 റൺസ് നേടിയാണ് പുറത്തായത്.

മിതാലി രാജാണ് നിലവിലെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ചതും മോശവുമായ കാര്യമെന്നായിരുന്നു ട്വിറ്ററിൽ ഇസബെല്ല വെസ്റ്റ്ബറി കുറിച്ചത്.

” മിതാലി രാജിൽ ബെസ്റ്റ് മാത്രമേയുള്ളൂ, ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് ഇത്രയധികം ആകുലപെടുന്നതിന് പകരം ഇംഗ്ലണ്ടിനെ കുറിച്ച് അൽപ്പമെങ്കിലും വേവലാതിപെടൂ, ഓസീസ് അവരെ പരാജയപെടുത്തിയില്ലേ. ” ഇസബെല്ലയുടെ ട്വീറ്റിന് ഇന്ത്യൻ താരം വി ആർ വനിത മറുപടിയായി കുറിച്ചു.

ഓസ്ട്രേലിയക്കെതിരായ പരാജയത്തിനെ കുറിച്ച് താനെഴുതിയ ആർട്ടിക്കിൾ പങ്കുവെച്ചുകൊണ്ടാണ് ഇസബെല്ല തൻ്റെ അഭിപ്രായം വീണ്ടൂം തുറന്നുപറഞ്ഞത്. മിതാലി രാജ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും എന്നാൽ നിലവിൽ ഇന്ത്യൻ ടീമിൻ്റെ മുന്നേറ്റത്തിന് മിതാലി രാജ് ഒട്ടും അനുയോജ്യമല്ലയെന്നും മാധ്യമപ്രവർത്തക അഭിപ്രായപെട്ടു.

പിന്നാലെ അൽപ്പം വ്യക്തിപരമായാണ് ഇന്ത്യൻ താരം ഇംഗ്ലീഷ് മാധ്യമപ്രവർത്തകയ്ക്ക് മറുപടി നൽകിയത്.

” ക്ഷമിക്കണം ഒന്നു ചോദിച്ചോട്ടെ നിങ്ങൾ എത്ര അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിങ്ങളുടെ കണക്കുകൾ വിക്കിപീഡിയയിൽ തിരഞ്ഞപ്പോൾ കിട്ടിയില്ല. ഇന്ത്യയോട് എന്താണ് ചെയ്യേണ്ടതെന്ന് പറയുന്ന നിങ്ങളുടെ കൊളോണിയൽ മനസ്ഥിതി ഇപ്പോഴും മാറിയിട്ടില്ല. ” വി ആർ വനിത വിമർശിച്ചു.

സ്മൃതി മന്ദാനയുടെ അഭാവത്തിൽ രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ ആദ്യ മത്സരത്തിൽ 62 റൺസിനും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനുമാണ് പരാജയപെട്ടത്. യുവതാരം അമേലിയ കെറിൻ്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് രണ്ടാം മത്സരത്തിൽ ആതിഥേയായ ന്യൂസിലൻഡ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 271 റൺസിൻ്റെ വിജയലക്ഷ്യം 119 റൺസ് നേടി പുറത്താകാതെ നിന്ന അമെലിയ കെ റിൻ്റെ മികവിൽ 49 ഓവറിൽ ന്യൂസിലൻഡ് മറികടന്നു. അടുത്ത മത്സരം മുതൽ ക്വാറന്റീൻ പൂർത്തിയാക്കി സ്മൃതി മന്ദാന എത്തുന്നതോടെ ഇന്ത്യ വിജയവഴിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.