ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഐ പി എൽ മെഗാ താരലേലത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് സുരേഷ് റെയ്ന അൺസോൾഡായത്. മികച്ച ഫോമിലല്ലെങ്കിൽ കൂടിയും ഐ പി എല്ലിൽ അത്രയും എക്സ്പീരിയൻസുള്ള റെയ്നയെ ചെന്നൈ സൂപ്പർ കിങ്സ് അല്ലെങ്കിൽ മറ്റൊരു ടീം വാങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ലേലത്തിൽ റെയ്നയെ വാങ്ങുന്നതിൽ നിന്നും ടീമുകളെ പിന്തിരിപ്പിച്ച കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ സുനിൽ ഗവാസ്കർ.

റെയ്ന അൺസോൾഡായതിന് പുറകെ വലിയ വിമർശനമാണ് ചെന്നൈ സൂപ്പർ കിങ്സ് സോഷ്യൽ മീഡിയയിൽ നേരിടുന്നത്. കഴിഞ്ഞ തവണ പുജാരയെ ടീമിലെത്തിച്ച ചെന്നൈ എന്തുകൊണ്ട് ആ പരിഗണന റെയ്ന നൽകിയില്ലയെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചു.

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമാണ് സുരേഷ് റെയ്ന. 205 മത്സരങ്ങൾ കളിച്ചിട്ടുള്ള റെയ്ന 32.51 ശരാശരിയിൽ ഒരു സെഞ്ചുറിയും 39 ഫിഫ്റ്റിയുമടക്കം 5528 റൺസ് നേടിയിട്ടുണ്ട്.

” സുരേഷ് റെയ്ന അൺസോൾഡായത് എന്നെ ശരിക്കും ഞെട്ടിച്ചു. അവൻ ഇടംകയ്യൻ ബാറ്റ്സ്മാനാണ്, ഓഫ് സ്പിന്നും ചെയ്യും ഒപ്പം പരിചയസമ്പന്നനും. കഴിഞ്ഞ സീസണിൽ ധാരാളം ബൗൺസുള്ള ദുബായിലെ പിച്ചുകളിൽ അവൻ ഭയപ്പെട്ടുകൊണ്ടാണ് ബാറ്റ് ചെയ്തത്. ഇന്ത്യയിലും ഫാസ്റ്റ് ബൗളർമാരും അത്തരത്തിലുള്ള പിച്ചുകളും ഉണ്ട്, ആ കാരണം കൊണ്ടായിരിക്കാം ടീമുകൾ അവനെ തിരഞ്ഞെടുക്കാതിരുന്നത്, എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ഫ്രാഞ്ചൈസികൾക്ക് . മാത്രമെ പറയുവാൻ സാധിക്കൂ. ” സുനിൽ ഗാവസ്കർ പറഞ്ഞു.

സുരേഷ് റെയ്നയ്ക്കൊപ്പം അമിത് മിശ്രയാണ് ലേലത്തിൽ അൺസോൾഡായ മറ്റൊരു ഇന്ത്യൻ സീനിയർ താരം. എന്നാൽ മിശ്ര അൺസോൾഡായതിൽ അത്ഭുതമില്ലെന്നും ബൗളിങിനൊപ്പം ഫീൽഡിങും പരിഗണിക്കേണ്ടതുണ്ടെന്നും ഓരോ സിംഗിളും തടയേണ്ടത് പോലും ഇക്കാലത്ത് അനിവാര്യമാണെന്നും സുനിൽ ഗാവസ്കർ പറഞ്ഞു.