Skip to content

ഇത് ഔട്ട് ആയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?! വിക്കറ്റ് കീപ്പറുടെ പിഴവ് കാരണം റൺ ഔട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങൾ

ക്രീസിലുള്ള രണ്ട് ബാറ്റ്സ്മാന്മാരും ഓടുന്നതിനിടെ ആശയക്കുഴപ്പം കാരണം ഒരേ എൻഡിൽ എത്തിച്ചേരുന്ന കാഴ്ച്ച ക്രിക്കറ്റിൽ വിരളമല്ല. പലപ്പോഴും ഇത്തരത്തിൽ എത്തിപ്പെടുന്നത് റൺ ഔട്ടിൽ കലാശിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന
ശ്രീലങ്ക ഓസ്‌ട്രേലിയ തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ സമാന രീതിയിൽ സംഭവിച്ചുവെങ്കിലും റൺ ഔട്ടിൽ കലാശിക്കാതെ രക്ഷപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരങ്ങൾ.

ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ചണ്ഡിമലിന്റെ പിഴവാണ് ജോഷ് ഇന്ഗ്ലിസിന് ലൈഫ് നൽകിയത്. തീക്ഷണ എറിഞ്ഞ 12ആം ഓവറിലെ രണ്ടാം പന്തിലാണ് ഈ സംഭവം. സ്‌ട്രൈകിൽ ഉണ്ടായിരുന്ന മാക്‌സ്വെൽ സിംഗിളിന് ശ്രമിച്ചത് എഡ്ജ് ചെയ്ത് ബാക്ക്വാർഡ് പോയിന്റിൽ പോയി. പന്ത് വേഗത്തിൽ ഫീൽഡറിന് കിട്ടില്ലെന്ന് കരുതി മാക്‌സ്വെൽ ഓടാനുള്ള ശ്രമം തുടങ്ങി. എന്നാൽ പന്ത് പോയ ഭാഗത്ത് നോക്കിയപ്പോൾ ഓട്ടം പൂർത്തിയാക്കാൻ പറ്റില്ലെന്ന് തോന്നിയ മാക്‌സ്‌വെൽ പിന്മാറി. ഇതിനിടെ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ഇന്ഗ്ലിസ്  പിച്ച് പകുതിയും കഴിഞ്ഞ മറുവശത്ത് എത്താനായിരുന്നു.

വിക്കറ്റ് രക്ഷിക്കാനുള്ള ശ്രമത്തിൽ ഇരുവരും സ്‌ട്രൈക് എൻഡിൽ എത്തിച്ചേർന്നു. അതേസമയം കൈകളിൽ ലഭിച്ച പന്ത് ശ്രീലങ്കൻ താരം വിക്കറ്റ് കീപ്പറെ ഏൽപ്പിച്ചുവെങ്കിലും ഭദ്രമായി കൈക്കുള്ളിലാക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ ലഭിച്ച സുവർണാവസരം മുതലെടുത്ത് മാക്‌സ്‌വെൽ ഇന്ഗ്ലിസിനെ അവിടെ നിർത്തി മരുവശത്തേക്ക് ഓടിയെത്തി.  റൺ ഔട്ടിൽ നിന്ന് നാടകീയമായാണ് ഓസ്‌ട്രേലിയൻ താരങ്ങൾ രക്ഷപ്പെട്ടത്.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ട്ടത്തിൽ 164 റൺസ് നേടിയിട്ടുണ്ട്. 32പന്തിൽ 48 റൺസ് നേടിയ ഇന്ഗ്ലിസാണ് ടോപ്പ് സ്‌കോറർ. 20 പന്തിൽ 25 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫിഞ്ച് സെക്കൻഡ് ടോപ്പ് സ്‌കോറർ. മറ്റുള്ളവരുടെ സ്‌കോർ ഇങ്ങനെ… ഡെർമൊട്ട് (18), മാക്‌സ്‌വെൽ (15), സ്റ്റീവ് സ്മിത്ത് (14), സ്റ്റോയ്നിസ് (19), വേഡ് (13*), കമ്മീൻസ് (6*)

ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്കയും ചമീറയും 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 12 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 74 റൺസ് നേടിയിട്ടുണ്ട്. 36 പന്തിൽ 41 റൺസ് നേടിയ നിസ്സങ്ക ക്രീസിലുണ്ട്. മറുവശത്ത് ഷനക 10 റൺസുമായി ബാറ്റിങ് തുടരുകയാണ്.
5 മത്സരങ്ങളുള്ള ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയാണ് ജയിച്ചത്.