ഐ പി എൽ മെഗാ താരലേലം അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറെ 8 കോടിയ്ക്ക് ടീമിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ കളിക്കുകയില്ലയെങ്കിലും അടുത്ത സീസൺ മുതൽ ബുംറയ്ക്കൊപ്പം ജോഫ്രാ ആർച്ചറും എത്തുന്നത് എതിർടീമുകൾക്ക് വലിയ വെല്ലുവിളിയാകും.

രാജസ്ഥാൻ റോയൽസും സൺറൈസേഴ്‌സുമാണ് ജോഫ്രാ ആർച്ചർക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. എന്നാൽ വേണ്ടത്ര പണം ഇരുടീമുകളുടെയും പക്കലുണ്ടായിരുന്നില്ല. ഐ പി എല്ലിൽ 35 മത്സരങ്ങൾ കളിച്ചിട്ടുള്ള ആർച്ചർ 46 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ കളിക്കുകയില്ലെങ്കിലും ആർച്ചർക്ക് പകരക്കാരനെ ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിക്കില്ല.

ലേലത്തിൽ രണ്ടാം ദിനത്തിൽ ആദ്യംമുൻ രാജസ്ഥാൻ റോയൽസ് പേസർ ജയദേവ് ഉനാഡ്കട്ടിനെയാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. തുടർന്ന് മായങ്ക് മാർക്കണ്ടയെ 65 ലക്ഷത്തിനും സഞ്ജയ് യാദവിനെ 50 ലക്ഷത്തിനും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
ആദ്യ ധിനത്തിൽ ഇഷാൻ കിഷനെ 15.25 കോടിയ്ക്ക് സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് മലയാളി താരം ബസിൽ തമ്പിയെ 30 ലക്ഷത്തിനും മുരുഗൻ അശ്വിനെ 1.60 കോടിയ്ക്കും ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരം ഡെവാൾഡ് ബ്രവിസിനെ 3 കോടിയ്ക്കും ടീമിലെത്തിച്ചിരുന്നു.

മെഗാ താരലേലത്തിന് മുൻപായി ക്യാപ്റ്റൻ രോഹിത് ശർമ്മയെ 16 കോടിയ്ക്കും ജസ്പ്രീത് ബുംറയെ 12 കോടിയ്ക്കും സൂര്യകുമാർ യാദവിനെ 8 കോടിയ്ക്കും കീറോൺ പൊള്ളാർഡിനെ 6 കോടിയ്ക്കും മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്.
ഐപിഎൽ 2022 മുംബൈ ഇന്ത്യൻസ് ടീം
രോഹിത് ശർമ്മ (C), കീറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, എം അശ്വിൻ, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാർക്കണ്ഡേ, തിലക് വർമ്മ, സഞ്ജയ് യാദവ്, റിലേ മെറെഡിത്ത്, മൊഹമ്മദ് അർഷാദ് ഖാൻ, അൻമോൽപ്രീത് സിംഗ്, രമൺദീപ് സിംഗ്, രാഹുൽ ബുദ്ധി, ഹൃത്വിക് ഷോക്കീൻ, അർജുൻ ടെണ്ടുൽക്കർ, ആര്യൻ ജുയൽ, ഫാബിയൻ അലൻ
